ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ടം; ഹമാസ് നേതൃത്വവുമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടങ്ങി
സുരക്ഷാ മേധാവികളുടെ അടിയന്തരയോഗം വിളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ഹമാസ് നേതൃത്വവുമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, സുരക്ഷാ മേധാവികളുടെ അടിയന്തരയോഗം വിളിച്ചു. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം തുർക്കി ഇന്‍റലിജൻസ് മേധാവിയുമായി ഇന്നലെ വിശദമായ ചർച്ച നടത്തി. വെടിനിർത്തൽ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടുകൾ ഹമാസ് സംഘം മധ്യസ്ഥ രാജ്യമായ തുർക്കിക്ക് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിൽ സുരക്ഷാമേധാവികളുടെ പ്രത്യേക യോഗം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിളിച്ചു ചേർത്തു. ഹമാസിന്‍റെ നിരായുധീകരണം ഉടൻ നടപ്പാക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളാണ് യോഗം ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്. ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചക്ക് മുന്നോടിയായി യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അമേരിക്കയിലെ മിയാമിയിൽ മധ്യസ്ഥ രാജ്യങ്ങളുമായി പ്രാരംഭ ചർച്ച നടത്തി.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുല്ലത്തി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.അടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്ന് യുഎസ് നേതൃത്വം അറിയിച്ചു. രണ്ടാം ഘട്ട ചർച്ചകൾക്കിടയിലും ഗസ്സക്ക് നേരെ ഇസ്രായേൽ ആക്രമണം ഇന്നലെയും തുടർന്നു.
വെള്ളിയാഴ്ച കിഴക്കൻ ഗസ്സ സിറ്റിയിലെ തുഫ്ഫയിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ആറ് ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ വേളയിലും ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നതായി കഴിഞ്ഞ ദിവസം യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിലെ ജനങ്ങൾക്ക് മതിയായ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. മരുന്നും ഉപകരണങ്ങളും ഇല്ലാത്തതു മൂലം ഗസ്സയിലെ ആശുപത്രികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കൂട്ടായ്മയും അറിയിച്ചു.
Adjust Story Font
16

