Quantcast

17കാരന്‍റെ ജീവനെടുത്തതിൽ അന്ന് നടപടിയുണ്ടായില്ല, 10 വർഷത്തിനിപ്പുറം ലൈംഗികാരോപണത്തിൽ യെസ്രായേൽ ഷോമർ സൈന്യത്തിൽ നിന്ന് പുറത്തേക്ക്; ഇസ്രായേലിൽ പുതിയ രാഷ്ട്രീയ വിവാദം

ബ്രിഗേഡ് കമാൻഡറായിരുന്ന കാലത്ത്, മുഹമ്മദ് കസ്ബ എന്ന പതിനേഴുകാരൻ ഫലസ്തീൻ ബാലനെ ഷോമർ നിഷ്കരുണം വെടിവെച്ചുകൊന്നിരുന്നു. തന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്ന കസ്ബയുടെ പിറകിൽ മൂന്ന് തവണയാണ് ഇയാൾ നിറയൊഴിച്ചത്. അതിലും കലി മാറാതെ ആ ബാലന്‍റെ മൃതദേഹം കാൽകൊണ്ട് ഷോമർ തട്ടിമറിച്ച ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ തിരിച്ചുപോയെന്നും ദൃക്സാക്ഷികൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo
17കാരന്‍റെ ജീവനെടുത്തതിൽ അന്ന് നടപടിയുണ്ടായില്ല, 10 വർഷത്തിനിപ്പുറം ലൈംഗികാരോപണത്തിൽ യെസ്രായേൽ ഷോമർ സൈന്യത്തിൽ നിന്ന് പുറത്തേക്ക്; ഇസ്രായേലിൽ പുതിയ രാഷ്ട്രീയ വിവാദം
X

തെൽ അവിവ്: ഇസ്രായേൽ പ്രതിരോധ സേനയിലെ തലവൻ ബ്രിഗേഡിയർ ജനറൽ യെസ്റായേൽ ഷോമറെ സേനയിൽ നിന്ന് പുറത്താക്കി. തന്‍റെ കീഴ്ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലർത്തിയെന്നാരോപിച്ച് ‘അധികാര ദുർവിനിയോഗം’, ‘ധാർമ്മിക വീഴ്ച’ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളുടെ രാജി ഐഡിഎഫ് മേധാവി സ്വീകരിച്ചത്. 2024-ൽ റെയ്ച്ച്മാൻ സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഉദ്യോഗസ്ഥനാണ് ഷോമർ.

നടപടിക്ക് പിന്നാലെ,2015 ൽ ഷോമർ ഉൾപ്പെട്ട വിവാദപരമായ മറ്റൊരു കൊലപാതക്കേസ് ഇസ്രായേൽ മാധ്യമങ്ങളിലടക്കം വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്. ആ വർഷം ജൂലെെ മൂന്നിന് ബിന്യാമിൻ ബ്രിഗേഡ് കമാൻഡറായിരുന്ന കാലത്ത്, മുഹമ്മദ് കസ്ബ എന്ന പതിനേഴുകാരൻ ഫലസ്തീൻ ബാലനെ ഷോമർ നിഷ്കരുണം വെടിവെച്ചുകൊന്നിരുന്നു. തന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്ന കസ്ബയുടെ പിറകിൽ മൂന്ന് തവണയാണ് ഇയാൾ നിറയൊഴിച്ചത്. അതിലും കലി മാറാതെ ആ ബാലന്‍റെ മൃതദേഹം കാൽകൊണ്ട് ഷോമർ തട്ടിമറിച്ച ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ തിരിച്ചുപോയെന്നും ദൃക്സാക്ഷികൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവം അന്ന് വലിയ രാഷ്ട്രീയ വിവാദമായെങ്കിലും, സെെനിക നീക്കത്തിനിടയിലെ സ്വാഭാവിക നടപടിയായിരുന്നു അതെന്നാണ് ഇസ്രായേൽ ഭരണകൂടം സംഭവത്തെ മുദ്രകുത്തിയത്. 2020 ൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കസ്ബിന്‍റെ കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളികളയുകയും ചെയ്തിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചിരുന്നെങ്കിലും ശിക്ഷാ നടപടികൾക്ക് പകരം, ഉന്നത പദവികളിലേക്ക് ഷോമർ സ്ഥാനക്കയറ്റം നേടുകയാണുണ്ടായത്.

ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്‍റെ അധ്യായങ്ങൾക്കിടയിൽ ഇന്നും ഉണങ്ങാത്ത മുറിവായാണ് മുഹമ്മദ് കസ്ബയുടെ കുടുംബത്തിന് നേരിടേണ്ടിവന്ന ദുരന്തം. ഫാത്തിമ, സാമി കസ്ബ ദമ്പതികളുടെ മൂന്ന് മക്കളാണ് ഇസ്രായേൽ അധിനിവേശത്തിനിടെ നിർദയം കൊല്ലപ്പെട്ടത്. കേവലം പതിനേഴ് വയസ് മാത്രം പ്രായമുള്ള ബാലനെ നിഷ്കരുണം വെടിവെച്ചുവീഴ്ത്തുകയും മൃതദേഹത്തെ പോലും ഉപദ്രവിക്കുകയും ചെയ്ത ഷോമറിന് പക്ഷേ, അന്ന് ശിക്ഷ നൽകാതെ, നടപടിയെടുക്കാൻ ലൈംഗികാരോപണം ഉയരുന്നത് വരെയും കാത്തിരുന്ന ഇസ്രായേൽ ഭരണാധികാരികളുടെ ധാർമികതബോധത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

TAGS :

Next Story