വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബത്തിനൊപ്പമുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഇസ്രായേൽ വെടിവെച്ചു കൊന്നു
കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു

- Published:
6 Jun 2026 10:31 PM IST

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബത്‌ലഹേം സർവകലാശാലയിലെ അധ്യാപകൻ ഫഹദ് അബ്ദുൽ അസീസ് അബൂ ഹൈക്കലിന്‍റെ മകൻ സാം ഫഹദ് അബൂഹൈക്കലാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഹീബ്രോണിലെ തെൽ റുമൈദ ഏരിയയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.
ഫഹദ് അബ്ദുൽ അസീസും ഭാര്യയും മകനും ബത്ലഹേമിൽ തന്നെയാണ് താമസം. തെൽ റുമൈദയിലെ ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഇസ്രായേൽ സൈന്യം വാഹനത്തിന് നേരെ വെടിയുതിർത്തത്. ഇസ്രായേലി സൈനികന്‍റെ തുടർച്ചയായ വെടിവെപ്പിൽ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വാഹനം നിർത്താൻ സൈന്യം ആവശ്യപ്പെട്ടയുടൻ നിർത്തിയെങ്കിലും പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്ന് വാഹനത്തിൽ കൂടെയുണ്ടായിരുന്ന മുത്തശ്ശി പറഞ്ഞു. മാതാപിതാക്കൾ ചേർന്ന് മകന് കവചമെന്നോണം സുരക്ഷയൊരുക്കാൻ ശ്രമിച്ചെങ്കിലും മാതാവിന്‍റെ ശരീരത്തിലൂടെ തുളച്ചുകയറിയ വെടിയുണ്ട മകന്‍റെ കഴുത്തിനെ ലക്ഷ്യംവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഉടൻ തന്നെ കൊല്ലപ്പെടുകയും ചെയ്തു.
'ഹീബ്രോൺ ഏരിയയിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി സൈനികർ നിലയുറപ്പിച്ച സ്ഥലത്തേക്ക് ഇന്ന് രാവിലെ ഒരു കാർ വന്നിരുന്നു. സൈനികരിലൊരാൾ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. മൂന്ന് ഫലസ്തീനി സ്വദേശികൾക്ക് അതിൽ പരിക്കേറ്റിരുന്നു. മൂവരെയും മെഡിക്കൽ ശുശ്രൂഷയ്ക്കായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് നീക്കി.' സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഐഡിഎഫ് പ്രസ്താവിച്ചു.
'നിരപരാധികളായ ഫലസ്തീനികൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. സംഭവം കൂടുതൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് ലഭ്യമാകുന്ന കണ്ടെത്തൽ ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ സമർപ്പിക്കും'. അധിനിവേശ സേന അറിയിച്ചു.
സമാധാനശ്രമങ്ങൾക്കിടയിലും ഫലസ്തീനിലും ലെബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ മാത്രം വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. തെക്കൻ ഗസ്സയിലെ ഗാൻ യൂനിസ് നഗരത്തിൽ ഒരു വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ 900-ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.
Adjust Story Font
16
