ഗസ്സ മുനമ്പിൽ നിന്നും പൂർണമായും പിൻവാങ്ങണം: വിറ്റ്‌കോഫിന്റെ വെടിനിർത്തൽ നിർദേശത്തിൽ പ്രതികരണവുമായി ഹമാസ്
ഹമാസ് തടവിലുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിവിധ സമയങ്ങളിലായി കൈമാറാം എന്നും ഹമാസ് വ്യക്തമാക്കുന്നു

ഗസ്സ: അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ വെടിനിർത്തൽ നിർദേശത്തിന് പ്രതികരണവുമായി ഹമാസ്. ഗസ്സ മുനമ്പിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണം, മുനമ്പിൽ നിന്നും പൂർണമായും പിൻവാങ്ങണം, ജനങ്ങൾക്ക് സഹായമെത്തിക്കണം എന്നിങ്ങനെയാണ് ശനിയാഴ്ച സമർപ്പിച്ച മറുപടിയിൽ ഹമാസ് ആവശ്യപ്പെടുന്നത്.
ഹമാസ് തടവിലുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിവിധ സമയങ്ങളിലായി കൈമാറാം എന്നും ഹമാസ് വ്യക്തമാക്കുന്നു. ഇതിന് പകരമായി നേരത്തെ നിശ്ചയിച്ചത്രയും ഫലസ്തീൻ തടവുകാരെ വിട്ടയക്കാനും ഹമാസ് ആവശ്യപ്പെടുന്നു. ഇതിനിടയിൽ ഗസ്സയിലെ ഇസ്രായേൽ യുദ്ധമവസാനിപ്പിക്കാനും ഗസ്സയിൽ നിന്നും ഇസ്രായേലിന്റെ പൂർണമായ പിൻവാങ്ങലിനുമുള്ള ചർച്ചകൾ നടത്തണമെന്നും ആവശ്യമുണ്ട്.
വെടിനിർത്തൽ കരാർ നിലവിൽ വരുന്നതോടെ ഗസ്സയിലെ ഇസ്രായേൽ സേനയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തണം. വ്യോമാക്രമണവും വ്യോമ നിരീക്ഷണവും ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസം 12 മണിക്കൂറും നിർത്തണം. 2025 ജനുവരി 19 ലെ ഹ്യൂമനിറ്റേറിയൻ പ്രോട്ടോകോൾ അനുസരിച്ച് വെടിനിർത്തൽ അംഗീകരിക്കുന്നതോടെ ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രസൻ്‌റ് അടക്കമുള്ള മറ്റു സംഘടനകളുടേയും സഹായം ഗസ്സയിൽ പ്രവേശിക്കാൻ അനുവദിക്കണം തുടങ്ങിയവയാണ് ഹമാസിന്റെ ആവശ്യങ്ങൾ.
Adjust Story Font
16

