ജറൂസലേമിൽ വെടിവെപ്പ്: ആറു പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു
ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഗസ്സയിൽ അടക്കം ഇസ്രായേൽ നടത്തുന്ന വംശഹത്യയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ്

തെല്‍അവിവ്: ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അധിനിവിഷ്ഠ ജറുസലേമിലെ റാമോത്ത് ജങ്ഷനില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ബസിലായിരുന്നു സംഭവം. രാവിലെ പത്തോടെ കാറിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കുനേരെയും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിവെക്കുകയായിരുന്നു.
ആക്രമണം നടത്തിയ രണ്ടുപേരെയും ഇസ്രായേൽ സേന വെടിവെച്ചു കൊന്നു. ഇവർ ഫലസ്തീൻ വംശജരാണെന്നാണ് ഇസ്രയേൽ പൊലീസ് അറിയിക്കുന്നത്. വെടിവെപ്പ് നടക്കുമ്പോൾ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗസ്സയിൽ അടക്കം ഇസ്രായേൽ നടത്തുന്ന വംശഹത്യയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല. അതേസമയം ഗസ്സക്കെതിരെ വൻഭീഷണി മുഴക്കി ഇസ്രായേൽ രംഗത്തുവന്നു. കൊടുങ്കാറ്റായി വരുന്ന ഇന്നത്തെ ആക്രമണത്തിൽ ഗസ്സ തകരുമെന്ന് പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ബന്ദികളെ മോചിപ്പിച്ച് ഹമാസ് ആയുധങ്ങൾ വെച്ച് കീഴടണമെന്നാണ് ഭീഷണി. ഇതിനിടെ ഗസ്സ സിറ്റിയിലെ അമ്പതിലധികം വലിയ കെട്ടിടങ്ങൾ ഇസ്രായേൽ ബോംബിട്ടു നിരപ്പാക്കി. 30ലധികം പേരെ മാത്രം ഗസ്സയില്‍ ഇസ്രായേൽ ഇന്ന് കൊലപ്പെടുത്തി.
Adjust Story Font
16

