തെക്കൻ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു
ഇസ്രായേലിന് നേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തി

തെല്‍അവിവ്:തെക്കൻ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു.റിസര്‍വ് സൈനികനായ എബ്രഹാം അസുലെ (25) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. സതേൺ കമാൻഡിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റിലെ ഹെവി എഞ്ചിനീയറിംഗ് ഓപ്പറേറ്ററായിരുന്നു അദ്ദേഹം. സൈനികനെ ജീവനോടെ പിടിച്ചുകൊണ്ടുപോകാനുള്ള ഹമാസ് ശ്രമത്തിനിടെയായിരുന്ന വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.അസുലെയുടെ മൃതദേഹം കൈവശപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റ് ഇസ്രായേലി സൈനികര്‍ തിരിച്ചടിച്ച് ആ ശ്രമം പരാജയപ്പെടുത്തിയെന്നും ഐഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം,ഗസ്സയില്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തലുണ്ടാകുമെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കൽ കരാറും ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ശാശ്വത യുദ്ധവിരാമത്തെക്കുറിച്ചുള്ള ഉറപ്പ് ട്രംപ് നല്‍കണമെന്നാണ് ഹമാസ് ആവശ്യം.എന്നാല്‍ അത്തരമൊരു ഉറപ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നല്‍കാത്തതിനെതുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ നീണ്ടുപോകുന്നത്.
ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ പൂര്‍ണയുദ്ധവിരാമത്തിനെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇസ്രായേല്‍ മുന്നോട്ട് വെക്കുന്നത്.ഹമാസ് ആയുധം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന് ഉറപ്പ് കിട്ടണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഹമാസ് വിസമ്മതിച്ചാൽ, സൈനിക നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകുമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ഇസ്രായേലിന് നേരെ ഹൂത്തികളുടെ മിസൈലാക്രമണം നടന്നു.ഇസ്രായേലിന്റെ പലഭാഗങ്ങളിലും സൈറൺ മുഴങ്ങി.എന്നാൽ യെമനിൽ നിന്ന് തൊടുത്ത മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞതായി സൈന്യം അറിയിച്ചു.ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ,നാശനഷ്ടങ്ങളുണ്ടായോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
അതിനിടെ അമേരിക്കയിൽ തുടരാൻ നെതന്യാഹുവിനോട് ട്രംപ് ഭരണകൂടം നിർദേശിച്ചതായാണ് റിപ്പോർട്ട്. വെടിനിർത്തൽ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 95 പേരെയാണ് വധിച്ചത്. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു. ഇസ്രായേലിലെ സൈനികതാവളം വിപുലപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു.
Adjust Story Font
16

