Quantcast

ഇന്ത്യയിൽനിന്ന് ഇസ്രായേലിന് ആയുധവുമായി പുറപ്പെട്ട കപ്പലിന് ഇടത്താവളം നിഷേധിച്ച് സ്‌പെയിൻ

ഇസ്രായേലിലേക്ക് ആയുധവുമായി പോകുന്ന ഏതു കപ്പലിനോടും രാജ്യത്തിന് ഇതേ നയം തന്നെയായിരിക്കുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2024-05-17 10:10:05.0

Published:

17 May 2024 9:45 AM GMT

Spain denies port of call to vessel carrying shipment of ‘arms to Israel from India’, Israel attack on Gaza, Israel-Hamas war 2023-2024, Spain Foreign Minister Jose Manuel Albares
X

ജോസ് മാനുവൽ ആൽബറസ്, മരിയന്‍ ഡാനിക്ക കപ്പല്‍

മാഡ്രിഡ്: ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പുറപ്പെട്ട കപ്പലിന് ഇടത്താവളം നിഷേധിച്ച് സ്‌പെയിൻ. 27 ടൺ സ്‌ഫോടക വസ്തുക്കളുമായി ഇന്ത്യയിൽനിന്നു തിരിച്ച കപ്പലിനാണ് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടാൻ അധികൃതർ അനുമതി നിഷേധിച്ചത്. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. ഹൂതി ആക്രമണം ഭയന്ന് ചെങ്കടൽ ഉപേക്ഷിച്ച് മറ്റൊരു പാതയിലൂടെ ഇസ്രായേലിലെത്താനായിരുന്നു കപ്പലിന്റെ നീക്കം.

ഇതാദ്യമായാണ് സ്‌പെയിൻ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതെന്നാണ് ആൽബറസ് പറഞ്ഞത്. ഇസ്രായേലിലേക്ക് ആയുധവുമായി പോകുന്ന കപ്പൽ സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതും ആദ്യമായാണ്. ഇസ്രായേലിലേക്കുള്ള ആയുധവുമായി പോകുന്ന ഏതു കപ്പലിനോടും രാജ്യത്തിന് ഇതേ നയം തന്നെയായിരിക്കുമെന്നും ജോസ് മാനുവൽ ആൽബറസ് വ്യക്തമാക്കി.

വളരെ വ്യക്തമായ കാരണത്താലാണ് അത്തരം കപ്പലുകൾക്ക് ഇടത്താവളം നൽകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രായലം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ ഇനിയും ആയുധം ആവശ്യമില്ല. അവിടെ സമാധാനമാണു വേണ്ടതെന്ന നിലപാടാണു രാജ്യത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മരിയൻ ഡാനിക്ക എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യയിൽനിന്ന് ആയുധവുമായി ഇസ്രായേൽ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുന്നത്. ഡാനിഷ് കപ്പലാണിതെന്നാണു വിവരം. ഡെന്മാർക്ക് ആസ്ഥാനമായുള്ള എച്ച്. ഫോമർ ആൻഡ് കോ ആണ് കപ്പലിന്റെ ഓപറേറ്റർമാർ. സ്‌പെയിനിന്റെ പുതിയ നീക്കത്തെ കുറിച്ച് ഫോമർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചെന്നൈ തുറമുഖത്തുനിന്നാണ് കപ്പൽ ആയുധങ്ങളുമായി യാത്ര തിരിച്ചത്. യാത്രയ്ക്കിടയിൽ സ്പാനിഷ് നഗരമായ കാർട്ടജീനയിലെ തുറമുഖത്ത് നങ്കൂരമിടാൻ കപ്പൽ അനുമതി തേടിയിരുന്നു. ഇതിലാണിപ്പോൾ സ്പാനിഷ് വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കാർട്ടജീന തുറമുഖത്ത് തന്നെ നങ്കൂരമിടാനിരിക്കുന്ന മറ്റൊരു കപ്പലുമായി ബന്ധപ്പെട്ട് സ്പാനിഷ് സർക്കാരിൽ തർക്കം തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ബോർകം എന്ന ജർമൻ കപ്പലുമായി ബന്ധപ്പെട്ടാണു പ്രശ്‌നം നിലനിൽക്കുന്നത്. കപ്പലിൽ ഇസ്രായേലിലേക്കുള്ള ആയുധങ്ങളാണെന്ന് ഫലസ്തീൻ അനുകൂല സംഘടനകൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കപ്പലിന് കാർട്ടജീനയിൽ ഇടത്താവളം അനുവദിക്കരുതെന്ന് പെഡ്രോ സാഞ്ചെസ് സർക്കാരിൽ സഖ്യകക്ഷികളും തീവ്ര ഇടതുപക്ഷക്കാരുമായ സുമർ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, സാഞ്ചെസിന്റെ സോഷ്യലിസ്റ്റ് പാർട്ടി നേതാവും സ്പാനിഷ് ഗതാഗത മന്ത്രിയുമായ ഓസ്‌കാർ പോയ്‌ന്റെ മറുത്തും നിലപാടെടുത്തു. ചെക്ക് റിപബ്ലിക്കിലേക്കുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് കപ്പലിലുള്ളതെന്നാണ് പോയ്‌ന്റെയുടെ വാദം.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ തുടക്കംതൊട്ടേ കടുത്ത നിലപാടാണ് സ്‌പെയിൻ സ്വീകരിക്കുന്നത്. വെടിനിർത്തലിന് ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് സ്‌പെയിൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഫലസ്തീൻ ജനതയ്ക്ക് പെഡ്രോ സാഞ്ചെസ് പലതവണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേയ് 21ന് ഫലസ്തീനെ ഔദ്യോഗിക രാജ്യമായി അംഗീകരിക്കാൻ സ്‌പെയിൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ സ്‌പെയിൻ തുടക്കം കുറിച്ചിരുന്നു. അയർലൻഡ്, സ്ലോവേനിയ, മാൾട്ട ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും സ്പാനിഷ് നീക്കത്തോടൊപ്പം ചേർന്നിട്ടുണ്ട്.

Summary: Spain denies port of call to vessel carrying shipment of ‘arms to Israel from India’

TAGS :

Next Story