ഇസ്ഫഹാനിൽ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി; ദൗത്യം പരാജയപ്പെടുത്തിയെന്ന് ഇറാൻ
അമേരിക്കൻ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിനിടെ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം

- Updated:
2026-04-16 13:05:20.0

തെഹ്റാൻ: ഈ മാസം ആദ്യം മധ്യ ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് സമീപം അമേരിക്കൻ സൈന്യം നടത്തിയ കടന്നുകയറ്റ ശ്രമം ഇറാൻ സേന പരാജയപ്പെടുത്തിയെന്ന് ഇറാൻ ആർമി വക്താവ്. യുഎസ് സൈനിക വിമാനത്തെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ ശത്രുസൈന്യത്തിന് പിന്തിരിഞ്ഞോടേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയയാണ് പരാജയപ്പെട്ട യുഎസ് ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
അമേരിക്കൻ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിനിടെ നാല് ഇറാനിയൻ സൈനികർ വീരമൃത്യു വരിച്ചതായാണ് വിവരം. ആർമി ഗ്രൗണ്ട് എയർ ഡിഫൻസ് ഫാക്കൽറ്റി ഇൻസ്ട്രക്ടറും കമാൻഡറുമായ ജനറൽ മസ്ഊദ് സാറെയും കൊല്ലപ്പെട്ടവരിൽ പെടും.
രാജ്യത്തിനെതിരായ ഏതൊരു കരസേനാ ആക്രമണത്തെയും ശക്തമായി നേരിടണമെന്നും ഒരു അക്രമിയെ പോലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ഇറാനിയൻ ആർമി കമാൻഡർ മേജർ ജനറൽ അമീർ ഹാതമി നേരത്തെ സൈന്യത്തിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 5-നാണ് ഇസ്ഫഹാനിൽ അമേരിക്കൻ സൈന്യം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. വിവരമറിഞ്ഞയുടൻ ജനറൽ സാറെയുടെ നേതൃത്വത്തിലുള്ള സൈനികസംഘം സ്ഥലത്തെത്തി. അമേരിക്കൻ സൈന്യത്തിന്‍റെ ലോക്ഹീഡ് സി-130 ഹെർക്കുലീസ് വിമാനത്തിന് നേരെ സൈനികർ തോളിലേറ്റാവുന്ന മിസൈൽ ഉപയോഗിച്ച് വെടിയുതിർത്തു. ഇതോടെ അമേരിക്കൻ ദൗത്യം പാളുകയും സൈന്യത്തിന് പ്രദേശം വിട്ട് പലായനം ചെയ്യേണ്ടിവരികയുമായിരുന്നു.
യുദ്ധകാലത്തിന് സമാനമായ അതീവജാഗ്രതയിലാണ് ഇറാൻ സായുധസേനയെന്നും രാജ്യത്തിന്‍റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അക്രാമിനിയ കൂട്ടിച്ചേർത്തു.
Adjust Story Font
16
