ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; യുഎസിനെതിരായ തുറുപ്പ് ചീട്ട്
ഗൾഫിൽ നിന്നുള്ള എണ്ണയുടെയും ഗ്യാസിന്റെയും പ്രധാന എക്സിറ്റ് മാർഗമെന്ന നിലയിൽ ഹോർമുസ് കടലിടുക്കിലെ ഏതൊരു നിയന്ത്രണവും ആഗോള വിപണികളെ, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികളെ പിടിച്ചുലയ്ക്കും

- Updated:
2026-02-18 12:12:00.0

തെഹ്‌റാൻ: ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ചർച്ച തുടരുമ്പോഴും ഇരു രാജ്യങ്ങളും അവരുടെ തുറുപ്പ് ചീട്ടുകൾ ഇറക്കി പരസ്പരം സമ്മർദം വർധിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ ട്രംപ് പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിച്ചപ്പോൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഇറാൻ താത്കാലികമായി അടച്ചു. 1980കൾക്ക് ശേഷം ആദ്യമായാണ് ഇറാൻ ഹോർമുസ് അടച്ചിടുന്നത്.
ഗൾഫിൽ നിന്നുള്ള എണ്ണയുടെയും ഗ്യാസിന്റെയും പ്രധാന എക്സിറ്റ് മാർഗമെന്ന നിലയിൽ ഹോർമുസ് കടലിടുക്കിലെ ഏതൊരു നിയന്ത്രണവും ആഗോള വിപണികളെ, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികളെ പിടിച്ചുലയ്ക്കും. പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക് പോയിന്റുകളിൽ ഒന്നാണ് ഹോർമുസ്.
ഒരുകാലത്ത് ചൈനയില്‍ നിന്നുള്ള ചരക്കുകളായിരുന്നു ഹോര്‍മുസിലൂടെ കൂടുതല്‍ കൊണ്ടുപോയിരുന്നത്. പിന്നീട് മറ്റുപല രാജ്യങ്ങളും ഈ പാത സ്വീകരിച്ചു. നിലവില്‍ ക്രൂഡ് ഓയില്‍ കൂടുതല്‍ പോകുന്നത് ഈ പാതയിലൂടെയാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡും ഇറാന്റെ ക്രൂഡും പോകുന്നത് ഹോര്‍മുസിലൂടെയാണ്. അതുകൊണ്ട് തന്നെ ഈ പാത ഇറാന്‍ അടച്ചാല്‍ ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. ഇത് അമേരിക്കയെ സമ്മര്‍ദത്തിലാക്കുകയും ചെയ്യും.
അതേസമയം, സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ പുരോഗതിയുള്ളതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ആണവപദ്ധതിയെ കുറിച്ചാണ് ചർച്ചയെങ്കിലും ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ പരിധി കുറയ്ക്കണമെന്ന ആവശ്യം ഇസ്രായേൽ സമ്മർദത്തിൽ അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചർച്ചക്ക് പോലും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ഇറാന്റെ മിസൈലുകൾ ഇസ്രായേലിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.
നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി ഒരു ഓപ്ഷനായി തുടരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടെ അമേരിക്കയുടെ ആക്രമണ ഭീഷണി ചെറുക്കുക കൂടിയാണ് ഇറാന്റെ ലക്ഷ്യം. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ ഹോർമുസ് ഉപരോധം ഇറാൻ നിലനിർത്തും. ഇതിലൂടെ ലോക സാമ്പത്തിക രംഗം തകരുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇറാഖിലും അഫ്ഗാനിലും അമേരിക്ക നടത്തിയ അധിനിവേശം പോലെയാകില്ല ഇറാനിലേക്കുള്ള നീക്കം. കാരണം, ഹോര്‍മുസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ജൂണില്‍ ഇവിടെ ഇറാന്‍ തടസം സൃഷ്ടിക്കുമെന്ന് കണ്ടപ്പോഴാണ് ഇസ്രായേലിന് മേല്‍ സമ്മര്‍ദം ശക്തമാക്കി വെടിനിർത്തിയത്.
Adjust Story Font
16
