Quantcast

'യേശുവിനെ കാണാൻ' കാട്ടിൽപോയി പട്ടിണി കിടന്നുള്ള പല മരണങ്ങളും കൊലപാതകം; കൊന്നത് കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചും; ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഒരു കുട്ടിക്ക് മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിയേറ്റിട്ടുണ്ട്. ഒരാളുടെ കഴുത്ത് ഞെരിച്ച് ചില അസ്ഥികൾ ഒടിഞ്ഞതിന്റെ പാടുകൾ വ്യക്തമായി കാണാൻ കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 May 2023 2:39 PM GMT

യേശുവിനെ കാണാൻ കാട്ടിൽപോയി പട്ടിണി കിടന്നുള്ള പല മരണങ്ങളും കൊലപാതകം; കൊന്നത് കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചും; ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്
X

മൊംബാസ: യേശുവിനെ കാണാൻ കാട്ടിൽപോയി പട്ടിണി കിടന്ന സംഭവത്തിൽ കെനിയയിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ​ഗുരുതര കണ്ടെത്തലുകൾ. മരിച്ചവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്നാണ് കണ്ടെത്തലെന്ന് അധികൃതർ അറിയിച്ചു.

കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കർ വരുന്ന ഷാക്കഹോല വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനോടകം കണ്ടെത്തിയ 110 മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച 30ഉം കഴിഞ്ഞദിവസം 10 പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാൽ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. ആകെയുള്ള 40 മൃതദേഹങ്ങളിൽ രണ്ട് കുട്ടികളടക്കം നാലെണ്ണത്തിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. മറ്റെരു കുട്ടിക്ക് മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിയേറ്റതായാണ് ​നി​ഗമനം.

'ഒരാളുടെ കഴുത്ത് ഞെരിച്ച് ചില അസ്ഥികൾ ഒടിഞ്ഞതിന്റെ പാടുകൾ വ്യക്തമായി കാണാൻ കഴിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 40 മൃതദേഹങ്ങളിൽ 16 മുതിർന്നവരും 18 കുട്ടികളും ഉൾപ്പെടുന്നു. അവശിഷ്ടങ്ങൾ അങ്ങേയറ്റം ജീർണിച്ചതിനാൽ ആറ് പേരുടെ പ്രായം നിർണയിക്കാൻ വിദഗ്ധർക്ക് കഴിഞ്ഞില്ല'- അദ്ദേഹം പറഞ്ഞു.

'ചൊവ്വാഴ്‌ച നടത്തിയ 20 പോസ്റ്റ്മോർട്ടത്തിൽ പട്ടിണി കിടന്ന് മരിച്ച ആളുകളുടെ സവിശേഷതകൾ ഉണ്ടായിരുന്നു'- ഒഡൂർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ അറസ്റ്റിലായ മക്കെൻസിയെ വെള്ളിയാഴ്ച കെനിയയിലെ മൊംബാസ കോടതിയിൽ ഹാജരാക്കും. ഷാക്കഹോല വനം കൂട്ടക്കൊല സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ 90 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കൊപ്പം മക്കെൻസി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്‌ക്രോസിന്റെ റിപ്പോർട്ട്. ഇതിൽ 44 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. മുൻ ടാക്‌സി ഡ്രൈവറായ മക്കെൻസി, തീവ്രവാദ ചരിത്രമുള്ള സ്വയം പ്രഖ്യാപിത പാസ്റ്ററായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

വനത്തിനുള്ളിൽ വിചിത്ര പ്രാർഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രിൽ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയതും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതും.

ഇയാളെ കൂടാതെ മറ്റൊരു പാസ്റ്ററും ടെലിവിഷൻ അവതാരകനുമായ എസെക്കിയേൽ ഒഡെറോയും ഇതേ കേസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, ബാലപീഡനം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് ഇയാൾക്കെതിരായ കുറ്റങ്ങൾ.

ഒഡെറോയുടെ ന്യൂ ലൈഫ് പ്രെയർ സെന്ററിൽ നിന്നും ചർച്ചിൽ നിന്നുമുള്ള നിരവധി അനുയായികളുടെ മരണവുമായി ഷാക്കഹോലയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.






TAGS :

Next Story