Quantcast

ജനീവ ചർച്ചയിൽ പുരോഗതിയെന്ന്​ ഇറാനും അമേരിക്കയും; കരട്​ നിർദേശം രണ്ടാഴ്​ചക്കകം കൈമാറും

ഇറാനെ ഇല്ലാതാക്കാൻ അമേരിക്കക്ക്​ കഴിയില്ലെന്നും ശത്രുവിന്‍റെ യുദ്ധകപ്പലുകൾ കടലിൽ മുക്കാനുള്ള കരുത്ത്​ തങ്ങൾക്കുണ്ടെന്നും ഇറാൻ പരമോന്നത ആത്​മീയനേതാവ്​ ആയതുല്ല അലി ഖാംനഈ ഓർമിപ്പിച്ചു

MediaOne Logo
ജനീവ ചർച്ചയിൽ പുരോഗതിയെന്ന്​ ഇറാനും അമേരിക്കയും; കരട്​ നിർദേശം രണ്ടാഴ്​ചക്കകം കൈമാറും
X

ജനീവ: യുഎസുമായുള്ള ഇറാന്റെ രണ്ടാംഘട്ട ആണവചർച്ചക്ക് ജനീവയിൽ സമാപനം. യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഗൗരവമേറിയ ചർച്ചകൾക്കിടയിൽ കരാറിന്റെ പ്രധാന തത്വങ്ങളിൽ ഇറാനും യുഎസും ധാരണയിലെത്തിയെന്ന്​ അരാഗ്ചി വെളിപ്പെടുത്തി.

എന്നാൽ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ കരാറുമായി ബന്ധപ്പെട്ട് കൃത്യമായ കരട്​ നിർദേശം രണ്ടാഴ്ചക്കകം രേഖാമൂലം കൈമാറാൻ ഇറാൻ സന്നദ്ധത അറിയിച്ചതായി യു.എസ്​ വൃത്തങ്ങൾ അറിയിച്ചു. ചില മേഖലകളിൽ ഇറാൻ-യുഎസ്​ ചർച്ച നല്ല രീതിയിൽ നടന്നതായി യുഎസ്​ വൈസ്​ പ്രസിഡന്‍റ്​ ജെ.ഡി വാൻസ്​ പറഞു. എന്നാൽ യു.എസ്​ പ്രസിഡന്‍റ് ട്രംപ്​ നിർദേശിച്ച ചില ഉപാധികൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതായും അദ്ദേഹം ഫോക്സ്​ ന്യൂസിനോട്​ പറഞു. ജനീവ ചർച്ച വിജയിച്ചതിൽ യുഎൻസക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ സംതൃപ്തി പ്രകടിപ്പിച്ചു.

ജനീവയിൽ ചർച്ച നടക്കുന്നതിനിടെ, ഹോർമുസ് കടലിടുക്ക് ഭാഗികമായി തത്സമയ സൈനിക പരിശീലനത്തിന്​ അടച്ചിട്ടതായി ഇറാൻ പ്രഖ്യാപിച്ചത്​ ആശങ്ക പടർത്തിയിരുന്നു. ഏതാനും മണിക്കൂറുകളാണ്​ കടലിടുക്ക്​ അടച്ചിട്ടത്​. അഭ്യാസ ഭാഗമായി ഇറാനിൽ നിന്നും അതിന്റെ തീരത്തുനിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമൂസ് കടലിടുക്കിലെ ലക്ഷ്യങ്ങളിൽ പതിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര പാതകളായ ഹോർമൂസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിളിലാണ്​ തിങ്കളാഴ്ച ഇറാൻ അർധസൈനിക വിഭാഗം അഭ്യാസം നടത്തിയത്​. പോർ വിമാനങ്ങൾ ഉൾ പ്പെടെ വലിയ തോതിലുള്ള യുദ്ധോപകരണങ്ങൾ മേഖലയിൽ എത്തിക്കാൻ അമേരിക്കയും തിരക്കിട്ട നീക്കത്തിലാണ്​. ഇറാനെ ഇല്ലാതാക്കാൻ അമേരിക്കക്ക്​ കഴിയില്ലെന്നും ശത്രുവിന്‍റെ യുദ്ധകപ്പലുകൾ കടലിൽ മുക്കാനുള്ള കരുത്ത്​ തങ്ങൾക്കുണ്ടെന്നും ഇറാൻ പരമോന്നത ആത്​മീയനേതാവ്​ ആയതുല്ല അലി ഖാംനഈ ഓർമിപ്പിച്ചു

TAGS :

Next Story