47 വർഷത്തെ സായുധ ചരിത്രം; പികെകെയുടെ ആദ്യ ഘട്ട പിരിച്ചുവിടൽ പൂർത്തിയായി
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 47 വർഷത്തെ സായുധ പോരാട്ടം അവസാനിപ്പിച്ച് ആയുധം താഴെവെക്കാൻ അബ്ദുല്ല ഒകലാൻ ആഹ്വാനം ചെയ്തത്

- Updated:
2026-02-18 07:38:13.0

അങ്കാറ: കുർദിഷ് സായുധ സംഘത്തിന്റെ ആദ്യ ഘട്ട പിരിച്ചുവിടൽ പൂർത്തിയായതായി കുർദിഷ് വർക്കേഴ്സ് പാർട്ടി (പികെകെ) നേതാവ് അബ്ദുല്ല ഒകലാൻ. ജയിലിൽ കഴിയുന്ന ഒകലാനുമായി മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇൽകെ ടിവിയോട് സംസാരിച്ച ഡെമോക്രാറ്റിക് പാർട്ടി എംപി മിതാത് സാൻക്കാരാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 47 വർഷത്തെ സായുധ പോരാട്ടം അവസാനിപ്പിച്ച് ആയുധം താഴെവെക്കാൻ പികെകെയോട് അബ്ദുല്ല ഒകലാൻ ആഹ്വാനം ചെയ്തത്. 1980 മുതല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നത്. ഈ നീക്കം പികെകെയും തുർക്കിയും തമ്മിലുള്ള സംഘർഷത്തിൽ ഒരു വഴിത്തിരിവായി അടയാളപ്പെടുത്തും. വടക്കന്‍ ഇറാഖില്‍ പികെകെ പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ച് ചേർത്തതിന് ശേഷമാണ് പിരിച്ചുവിടൽ തീരുമാനമെടുത്തത്. പശ്ചിമേഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സംഘർഷങ്ങളാണ് തുര്‍ക്കിയിലും സിറിയയിലും ഇറാഖിലുമുണ്ടായിട്ടുള്ളത്.
ഒരു സ്വതന്ത്ര കുർദിഷ് രാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1978ൽ അബ്ദുല്ല ഒകലാൻ ഉൾപ്പെടെയുള്ള വിദ്യാർഥികൾ സ്ഥാപിച്ച ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയാണ് പികെകെ. എന്നാൽ പിന്നീട് കൗൺസിലുകൾ വഴി സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്ന 'ജനാധിപത്യ കോൺഫെഡറലിസം' എന്ന ആശയത്തിലേക്ക് പരിണമിച്ചു. കുർദിഷ് അവകാശങ്ങൾ നേടിയെടുക്കാൻ സായുധ പോരാട്ടം അനിവാര്യമാണെന്ന് ഒകലാൻ വിശ്വസിച്ചു. എന്നാൽ കുർദിഷ് വിഷയങ്ങളിൽ തുർക്കി സർക്കാർ സ്വീകരിച്ച ജനാധിപത്യ നടപടികളും പ്രാദേശിക സംഭവവികാസങ്ങളും സായുധ പ്രതിരോധം ഇനി ആവശ്യമില്ലെന്ന നിലപാടിലേക്ക് നയിച്ചു. 1999ൽ കെനിയയിൽ വെച്ചാണ് ഒകലാൻ പിടിക്കപ്പെടുന്നത്. 1999 മുതല്‍ ഇസ്താംബൂളിനടുത്തുള്ള ഇമ്രാലി ദ്വീപിൽ ഏകാന്തതടവിൽ കഴിയുകയാണ് ഒകലാൻ.
25 വര്‍ഷത്തെ ജയില്‍വാസത്തിനിടയിലും പികെകെയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ അദേഹത്തിന് സാധിച്ചു. തുർക്കി, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ പികെകെയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2025ന്റെ തുടക്കത്തിൽ തുർക്കിഷ് നാഷണലിസ്റ്റ് മൂവ്‌മെന്റ് പാർട്ടിയുടെ നേതാവായ ഡെവ്‌ലെത് ബഹ്‌ചെലിയുടെ നേതൃത്വത്തിൽ നടന്ന നീക്കത്തിനൊടുവിലാണ് 47 വർഷത്തെ സംഘർഷത്തിന് ശാശ്വതമായ അന്ത്യം കുറിക്കാൻ ഒകലാൻ തീരുമാനിച്ചത്. സിറിയയിലെയും ഇറാനിലെയും പികെകെയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ഇറാഖിലും തുർക്കിയിലും പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഓഫ് കമ്യുണിറ്റീസ് ഇൻ കുർദിസ്താനും പിരിച്ചുവിടൽ ആഹ്വാനം ബാധകമാണ്.
Adjust Story Font
16
