Quantcast

'നെതന്യാഹുവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തൂ'; പ്രതിഷേധവുമായി ഇസ്രായേല്‍ തെരുവില്‍ ആയിരങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2024-04-21 10:51:53.0

Published:

21 April 2024 10:28 AM GMT

Tel Aviv
X

തെല്‍ അവീവ്: ഇസ്രായേലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങള്‍. നെതന്യാഹു സര്‍ക്കാരിനെ പുറത്താക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തുക, ബന്ദികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശനിയാഴ്ച ഇസ്രായേലിലെ തെല്‍ അവീവില്‍ ജനം പ്രതിഷേധിച്ചത്.

133 ഇസ്രായേലികള്‍ ഹമാസ് തടവിലുണ്ടെന്നാണ് കണക്കുകളെന്നും ഇവരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ഏഴ് മാസം പിന്നിടുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന് മുമ്പും ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തില്‍ ഇസ്രായേല്‍ ജനതയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധങ്ങള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം നെതന്യാഹു സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് ഭൂരിപക്ഷം ജനതയും കുറ്റപ്പെടുത്തുന്നതെന്ന സര്‍വ്വേ ഫലവും പുറത്തുവന്നിരുന്നു. നീണ്ട കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹു ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷ സാധ്യതയും ഇരു രാജ്യങ്ങളും തമ്മിലുള്ള തിരിച്ചടികളും ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയില്‍ ബന്ദികളുടെ മോചന വിഷയത്തില്‍ നിന്നും ഇസ്രായേല്‍ വ്യതിചലിച്ചു പോകുമോ എന്നും സമയം അതിക്രമിച്ചതായുമാണ് ബന്ധുക്കളുടെ ആശങ്കയെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരാന്‍ നെതന്യാഹു യോഗ്യനല്ലെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡും പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുമെന്നുമുള്ള നിലപാടിലാണ് നെതന്യാഹു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34000 കവിഞ്ഞു.

TAGS :

Next Story