ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം: മൂന്ന് മാധ്യമപ്രവർത്തകര്‍ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടു
ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ

- Updated:
2026-01-22 04:04:03.0

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ Photo- Al Jazeera
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ രണ്ടു കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിലാണ് സംഭവമെന്നും ആറുപേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അനസ് ഗുനൈം, അബ്ദുൽ റഊഫ് ഷാത്, മുഹമ്മദ് ഖെഷ്ദ എന്നീ മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഈജിപ്യഷൻ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരാണ് കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടക വസ്തു പതിക്കുകയായിരുന്നുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് അൽ ജസീറയോട് പറഞ്ഞു.
പുതുതായി നിര്‍മിച്ച അഭയാർത്ഥി ക്യാമ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിൽ തകർന്ന അവരുടെ വാഹനം റോഡരികിൽ കിടക്കുന്നതും അവശിഷ്ടങ്ങളിൽ നിന്ന് പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ നിയന്ത്രിത പ്രദേശത്ത് നിന്ന് ഏകദേശം 5 കിലോമീറ്റർ (3 മൈൽ) അകലെയാണ് ആക്രമണം നടന്നതെന്നും, വാഹനം ഈജിപ്ഷ്യൻ കമ്മിറ്റിയുടേതാണെന്ന് ഇസ്രായേൽ സൈന്യത്തിന് അറിയാമായിരുന്നുവെന്നും കമ്മിറ്റി വക്താവ് മുഹമ്മദ് മൻസൂർ അല്‍ജസീറയോട് പറഞ്ഞു.
അതേസമയം ആക്രമണം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വാഹനത്തിലുണ്ടായിരുന്നവർ ഡ്രോൺ ഉപയോഗിച്ചെന്നാണ് സേന ആരോപിക്കുന്നത്. അതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ സേന പറയുന്നു. അതേസമയം കൊല്ലപ്പെട്ട മറ്റുള്ളവരിൽ ഒരേ കുടുംബത്തിൽപെട്ട മൂന്നുപേരുമുണ്ട്. ഇസ്റ്റേൺ ദേർ എൽ ബലാഹിൽനിന്നുള്ള കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16
