Quantcast

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ യുഎസിൻ്റെ സമ്പൂര്‍ണ വിജയമാണെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ അന്ത്യശാസനം പലതവണ നീട്ടിയ ശേഷമാണ് ഒടുവില്‍ വെടിനിര്‍ത്തലിലെത്തിയത്

MediaOne Logo
Trump claims ceasefire deal with Iran a ‘total and complete victory’ for US
X

വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ധാരണ യുദ്ധത്തില്‍ യുഎസിന്റെ സമ്പൂര്‍ണ വിജയമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '100 ശതമാനം യുഎസിന്റെ വിജയമാണ്. അതില്‍ ചോദ്യമില്ല' -വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്രംപ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ട്രംപ് പ്രഖ്യാപിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' വഴി അറിയിച്ചു. 'ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാക് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍തന്നെ തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിര്‍ത്തലായിരിക്കും'- ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ അന്ത്യശാസനം പലതവണ നീട്ടിയ ശേഷമാണ് ഒടുവില്‍ വെടിനിര്‍ത്തലിലെത്തിയത്. അതിന് മുമ്പ്, ഇറാനെ പാടെ തകര്‍ക്കുമെന്ന ഭീഷണി ട്രംപ് മുഴക്കിയിരുന്നു. ഇറാന്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം തകരുമെന്നും ഒരു നാഗരികത മുഴുവന്‍ ഇല്ലാതാകുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. യുഎസ് പ്രസിഡന്റിന്റെ നിലവിട്ട പ്രസ്താവനക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.

അതിനിടെ, ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. യുഎസ് ഉള്‍പ്പെടെ കൗണ്‍സിലിലെ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാകിസ്താനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബഹ്റൈനാണ് പ്രമേയം കൊണ്ടുവന്നത്. ഇതിന് പിന്നാലെ, ഹോര്‍മുസ് തുറക്കാന്‍ ട്രംപ് ഇറാന് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയാറായത്. ഇത് ഇസ്രായേലും അംഗീകരിക്കുകയായിരുന്നു.

TAGS :

Next Story