Quantcast

ഇറാന് 48 മണിക്കൂർ അന്ത്യശാസനവുമായി ട്രംപ്;ആക്രമിച്ചാൽ മേഖല കത്തിയെരിയുമെന്ന് ഇറാന്‍റെ മറുപടി

പ്രകോപനവും ഭീഷണിയും നിർത്തുകയാണ് ആദ്യം വേണ്ടതെന്ന് ട്രംപിനോട് റഷ്യ

MediaOne Logo

Web Desk

  • Updated:

    2026-04-06 02:14:51.0

Published:

6 April 2026 6:54 AM IST

ഇറാന് 48 മണിക്കൂർ അന്ത്യശാസനവുമായി ട്രംപ്;ആക്രമിച്ചാൽ മേഖല കത്തിയെരിയുമെന്ന് ഇറാന്‍റെ മറുപടി
X

വാഷിങ്ടണ്‍: ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെ നരകതുല്യമായ ആക്രമണങ്ങൾക്ക് വിധേയമാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്നോ നാളെയോ ഇറാൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് ട്രംപ് 48 മണിക്കൂർ സമയപരിധി നീട്ടി നൽകിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പ്രകോപനവും ഭീഷണിയും നിർത്തുകയാണ് ആദ്യം വേണ്ടതെന്ന് റഷ്യ ട്രംപിനെ ഓർമിപ്പിച്ചു. മറ്റന്നാൾ പുലർച്ചെ ഇറാനിലെ വൈദ്യുത കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആഞ്ഞടിക്കുമെന്നാണ് ട്രംപിന്റെ താക്കീത്.

ട്രംപിന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. നെതന്യാഹുവിന്റെ വാക്ക് കേട്ട് ഇറാനെ നരകമാക്കിയാൽ മേഖല കത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അത് മേഖലയിലെ ഓരോ കുടുംബത്തെയും ബാധിക്കും.ആപത്ക്കരമായ പ്രസ്താവനകൾക്കും യുദ്ധ കുറ്റങ്ങൾക്കുമെതിരെ ഇടപെടണമെന്ന് ഇറാൻ യു എന്നിനോടും ആവശ്യപ്പെട്ടു.

ട്രംപിനെതിരെ ആംനസ്റ്റിയും രംഗത്ത് വന്നു. ബുഷെർ ആണവ നിലയത്തിന് നേരെയുള്ള അക്രമണം ഗൾഫ് മേഖലയെ തകർക്കുമെന്ന് റഷ്യയും ചൈനയും മുന്നറിയിപ്പ് നൽകി. അതിനിടെ പൈലറ്റിനെ രക്ഷിക്കാനുള്ള യു എസ് ഓപ്പറേഷനിൽ രണ്ട് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അറിയിച്ചു. ഇസ്രായേലിലെ ഹൈഫയിൽ ഇറാന്റെ മിസൈൽ പതിച്ച് കെട്ടിടം തകർന്ന് 4 പേരെ കാണാതായി. അതിനിടെ എണ്ണ ഉത്പാദനം കൂട്ടാൻ ഒപ്പെക്കിലെ 8 രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമം തുടർന്ന് ഇന്ത്യ. ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ട്. 'ഗ്രീൻ ആശ' എന്ന എൽപിജി ടാങ്കർ കൂടെ ഹോർമുസ് കടന്നെന്നാണ് വിവരം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്‌. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15 ശതമാനം കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്‍ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.


TAGS :

Next Story