Quantcast

'ഇന്ത്യയും യുഎസും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്

വ്യാപാര കരാറിന് തടസം നില്‍ക്കുന്നത് ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി വാന്‍സുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഇന്ത്യ-യുഎസ് ബന്ധത്തെ ട്രംപ് പ്രകീര്‍ത്തിച്ചത്

MediaOne Logo
Trump hails historic bond with India
X

വാഷിങ്ടണ്‍ ഡിസി: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമമായി വൈകുന്നതിനിടെ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും യുഎസും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് ട്രംപ് പറഞ്ഞു.

'ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാറിനും യുഎസിലെ ജനങ്ങളുടെ ഭാഗമായി ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ളത് ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രവും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ്' -ട്രംപ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, ആശംസാ സന്ദേശത്തില്‍ വ്യാപാര കരാറിനെ ട്രംപ് പരാമര്‍ശിച്ചില്ല.

ഇന്ത്യയുമായുള്ള വ്യാപാര കരാറിന് തടസം നില്‍ക്കുന്നത് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഇന്ത്യ-യുഎസ് ബന്ധത്തെ ട്രംപ് പ്രകീര്‍ത്തിച്ചത്. ഇന്ത്യയുമായി ധാരണയിലെത്തിയ വ്യാപാര കരാറിന് തടസം നിന്നത് ട്രംപും വിശ്വസ്തരായ ജെ.ഡി വാന്‍സും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേശകന്‍ പീറ്റര്‍ നവാരോയുമാണ് എന്നാണ് യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ് ആരോപിച്ചത്. ട്രംപിനെയും സംഘത്തെയും കുറ്റപ്പെടുത്തിയുള്ള ഇദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്താവുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇന്ത്യയുമായി വ്യാപാര കരാറിലെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചും ട്രംപ് സംസാരിച്ചിരുന്നു. മോദിയെ ഗംഭീര നേതാവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാറില്‍ എത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിലച്ചത്. പിന്നീട് പല തവണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടന്നെങ്കിലും പൂര്‍ണതയിലെത്തിയില്ല. വ്യാപാര കരാറിനെക്കുറിച്ച് ഇരുപക്ഷവും ഗൗരവത്തോടെ ആലോചിക്കുകയാണെന്നും കരാര്‍ അന്തിമമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

TAGS :

Next Story