‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാൻ യുദ്ധം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്
'ഓപ്പറേഷൻ സ്ലഡ്ജ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്

- Published:
17 May 2026 1:31 PM IST

വാഷിംഗ്‌ടൺ: ഇറാനിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സാഹചര്യം 'കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത' മാത്രമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങൾ തുടർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന് സൂചന നൽകി. 'ഓപ്പറേഷൻ സ്ലഡ്ജ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള ഇറാൻ്റെ നീക്കമാണ് പുതിയ തർക്കങ്ങൾക്ക് പ്രധാന കാരണം. യുദ്ധകാലത്തുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി കടലിടുക്കിൽ 'പ്രൊഫഷണൽ ട്രാഫിക് മാനേജ്‌മെൻ്റ്' സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ഇറാൻ പാർലമെൻ്റിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.
തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും വാണിജ്യ കപ്പലുകൾക്കും മാത്രമേ ഈ റൂട്ടിലൂടെ സുരക്ഷിതമായ യാത്ര അനുവദിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ശത്രുരാജ്യങ്ങളുടെ സൈനിക വിമാനങ്ങളോ കപ്പലുകളോ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് റെസ ആരിഫ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണ മേഖലകൾ ഉൾക്കൊള്ളുന്ന ഭൂപടം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തുവിട്ടിട്ടുണ്ട്.
ഇറാൻ്റെ ടോൾ പിരിക്കാനുള്ള നീക്കം അന്താരാഷ്ട്ര നാവിക നിയമങ്ങളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായാണ് സൂചന. 'വളരെ മോശം സമയമാണ് ഇറാനെ കാത്തിരിക്കുന്നത്' എന്ന ട്രംപിൻ്റെ പ്രസ്താവന മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ എണ്ണവ്യാപാരത്തെ ബാധിക്കുന്ന ഈ തർക്കം പശ്ചിമേഷ്യയെ വീണ്ടും ഒരു വൻ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
Adjust Story Font
16
