ആയത്തുല്ല അലി ഖാംനഈയുമായി യുഎസ് ചർച്ചക്ക് തയ്യാറെന്ന് മാർക്കോ റൂബിയോ; ഇറാനിൽ ഭരണമാറ്റത്തിൽ ഉറച്ച് ട്രംപ്
ട്രംപിന്റെ നിർദേശപ്രകാരം കരീബിയൻ കടലിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് മറ്റൊരു യുഎസ് യുദ്ധക്കപ്പൽ കൂടി വിന്യസിച്ചു

- Updated:
2026-02-15 07:10:57.0

വാഷിംഗ്‌ടൺ: ഇറാനുമായി അമേരിക്ക കാരാർ ആഗ്രഹിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒരു കരാറിനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻഗണനയെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും റൂബിയോ പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഇതേക്കുറിച്ചുള്ള ചർച്ചകൾ ഉടൻ നടക്കുമെന്നും റൂബിയോ സ്ഥിരീകരിച്ചു.
'ആരെയും കാണാൻ തയ്യാറുള്ള ഒരു പ്രസിഡന്റിന്റെ കീഴിലാണ് ഞാൻ സേവനമനുഷ്ഠിക്കുന്നത്. നാളെ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ഖാംനഈ പറഞ്ഞാൽ, പ്രസിഡന്റ് അദേഹത്തെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.' റൂബിയോ പറഞ്ഞു. അതേസമയം, ഇറാനിൽ ഭരണമാറ്റം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്.
ഇറാനിൽ ഭരണമാറ്റമായിരിക്കും അവിടെ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ നിർദേശപ്രകാരം കരീബിയൻ കടലിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് മറ്റൊരു യുഎസ് യുദ്ധക്കപ്പൽ വിന്യസിച്ചതിന് ശേഷമാണ് ഈ പരാമർശം. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും നിലവിൽ പശ്ചിമേഷ്യൻ മേഖലയിലുണ്ട്. അതേസമയം, ഇറാനെതിരായ അമേരിക്കൻ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ വഷളാക്കുമെന്ന് മേഖലയിലെ വിവിധ രാജ്യങ്ങൾ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി.
അതിനിടെ, ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആണവപദ്ധതിക്കൊപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരിധി കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശവും കരാറിൽ ഉൾപ്പെടുത്താൻ ഇസ്രായേൽ അമേരിക്കക്ക് മുകളിൽ സമ്മർദം ചെലുത്തും. എന്നാൽ ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചർച്ചക്ക് പോലും തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ഇറാന്റെ മിസൈലുകൾ ഇസ്രായേലിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.
Adjust Story Font
16
