Quantcast

‘ഗസ്സ ഏറ്റെടുക്കാനുള്ള പദ്ധതി അടിച്ചേൽപ്പിക്കില്ല’; നിലപാട് മാറ്റി ട്രംപ്

തന്റെ പദ്ധതിയെ ജോർഡനും ഈജിപ്തും എതിർത്തതിൽ ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 Feb 2025 10:48 AM IST

donald trump
X

വാഷിങ്ടൺ: ഗസ്സ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതി യഥാർഥത്തിൽ പ്രവർത്തിക്കുന്നതാണെന്നും എന്നാൽ, അത് അടിച്ചേൽപ്പിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചെയ്യേണ്ട വഴി ഞാൻ പറയാം, അത് എന്റെ പ്ലാനാണ്. അതാണ് ശരിക്കും പ്രവർത്തിക്കുന്ന പദ്ധതി എന്ന് ഞാൻ കരുതുന്നു. പക്ഷെ, ഞാൻ നിർബന്ധിക്കുന്നില്ല. ഞാൻ വെറുതെയിരുന്ന് ശുപാർശ ചെയ്യുക മാത്രമാണ്’ -ഫോക്സ് ന്യൂസ് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

ഗസ്സയുമായി ബന്ധപ്പെട്ട തന്റെ പദ്ധതിയെ ജോർഡനും ഈജിപ്തും എതിർത്തതിൽ ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു. ‘ജോർഡനും ഈജിപ്തിനും തങ്ങൾ പ്രതിവർഷം ബില്യൺ ഡോളറുകളാണ് നൽകുന്നത്, അവർ അങ്ങനെ പറയുന്നത് എന്നിൽ ആശ്ചര്യമുണ്ടാക്കി’ -ട്രംപ് പറഞ്ഞു.

ഗസ്സയിലെ ജനങ്ങൾക്ക് അവിടെ ജീവിക്കണോ അതോ ‘നല്ല ഒരു സമൂഹത്തിൽ ജീവിക്കണോ’ എന്നതിൽ ഒന്ന് തെരഞ്ഞെടുക്കാൻ അവസരം നൽകിയാൽ അവർ പോകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗസ്സ മികച്ചൊരു സ്ഥലമാണ്. ഇസ്രായേൽ എന്തിനാണ് അത് ഉപേക്ഷിച്ചതെന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് അവർ അത് ഉപേക്ഷിച്ചത്’ -ട്രംപ് കൂട്ടിച്ചേർത്തു.

ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന്​ ട്രംപ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്‍റെ ഭാഗങ്ങൾ പുനർനിർമിക്കാൻ മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണ്​. തങ്ങൾ അത് പുനർനിർമിക്കുന്നിടത്തോളം, മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങൾക്കും അതിന്‍റെ ഭാഗങ്ങൾ നിർമിക്കാൻ തങ്ങൾ നൽകിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവർക്കും ഇത് ചെയ്യാം. എന്നാൽ, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ്​ പറഞ്ഞു.

അവിടേക്ക്​ മടങ്ങാനായിട്ട്​ ഒന്നുമില്ല. അതൊരു തകർക്കപ്പെട്ട പ്രദേശമാണ്​. ബാക്കിയുള്ളവയും തകർക്കും. എല്ലാം തകർത്തു​. ചില ഫലസ്തീൻ അഭയാർത്ഥികളെ അമേരിക്കയിലേക്ക് അനുവദിക്കാനുള്ള സാധ്യതകൾ തുറന്നിട്ടുണ്ട്​. എന്നാൽ, അത്തരം കാര്യങ്ങൾ ഓരോ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ്​ പരിഗണിക്കുകയെന്നും ട്രംപ്​ പറഞ്ഞിരുന്നു.

എന്നാൽ, ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഹമാസ്​ രംഗത്തുവരികയുണ്ടായി. ഗസ്സ വിൽക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത്​ അൽ റാഷ്​ഖ്​ വ്യക്​തമാക്കി. ഗസ്സ നമ്മുടെ ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. കുടിയിറക്കൽ പദ്ധതികളെ ഫലസ്തീനികൾ പരാജയപ്പെടുത്തുമെന്നും റാഷ്ഖ് കൂട്ടിച്ചേർത്തു.

ഫലസ്തീനികളെ സ്ഥിരമായി കുടിയിറക്കുമെന്നും ഗസ്സയെ മിഡിൽ ഈസ്റ്റിന്‍റെ സുഖവാസ കേന്ദ്രമായി മാറ്റുമെന്നും ട്രംപ്​ മുമ്പ് ​പ്രഖ്യാപിച്ചിരുന്നു. ഗസ്സയെ അമേരിക്ക ഏറ്റെടുത്ത് വൻതോതിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കുകയുണ്ടായി. എന്നാൽ, ട്രംപിന്‍റെ പ്രസ്താവനക്കെതിരെ വിവിധ രാജ്യങ്ങളിൽനിന്ന്​ വലിയ എതിർപ്പാണ്​ ഉയർന്നത്​.

TAGS :

Next Story