‘ഗസ്സ വാങ്ങാനും സ്വന്തമാക്കാനും തയ്യാറാണ്’; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്
ഗസ്സ വിൽക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് ഹമാസ്

വാഷിങ്ടൺ: ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്‍റെ ഭാഗങ്ങൾ പുനർനിർമിക്കാൻ മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണ്. തങ്ങൾ അത് പുനർനിർമിക്കുന്നിടത്തോളം, മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങൾക്കും അതിന്‍റെ ഭാഗങ്ങൾ നിർമിക്കാൻ തങ്ങൾ നൽകിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവർക്കും ഇത് ചെയ്യാം. എന്നാൽ, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു.
അവിടേക്ക് മടങ്ങാനായിട്ട് ഒന്നുമില്ല. അതൊരു തകർക്കപ്പെട്ട പ്രദേശമാണ്. ബാക്കിയുള്ളവയും തകർക്കും. എല്ലാം തകർത്തു. ചില ഫലസ്തീൻ അഭയാർത്ഥികളെ അമേരിക്കയിലേക്ക് അനുവദിക്കാനുള്ള സാധ്യതകൾ തുറന്നിട്ടുണ്ട്. എന്നാൽ, അത്തരം കാര്യങ്ങൾ ഓരോ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് പരിഗണിക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. ഗസ്സ വിൽക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ റാഷ്ഖ് വ്യക്തമാക്കി. ഗസ്സ നമ്മുടെ ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. കുടിയിറക്കൽ പദ്ധതികളെ ഫലസ്തീനികൾ പരാജയപ്പെടുത്തുമെന്നും റാഷ്ഖ് കൂട്ടിച്ചേർത്തു.
ഫലസ്തീനികളെ സ്ഥിരമായി കുടിയിറക്കുമെന്നും ഗസ്സയെ മിഡിൽ ഈസ്റ്റിന്‍റെ സുഖവാസ കേന്ദ്രമായി മാറ്റുമെന്നും കഴിഞ്ഞായാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗസ്സയെ അമേരിക്ക ഏറ്റെടുത്ത് വൻതോതിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ട്രംപിന്‍റെ പ്രസ്താവനക്കെതിരെ വിവിധ രാജ്യങ്ങളിൽനിന്ന് വലിയ എതിർപ്പാണ് ഉയർന്നത്.
Adjust Story Font
16

