Quantcast

അടുത്ത ലക്ഷ്യം ക്യൂബയെന്ന് ട്രംപ്; 'ഇറാനുമായി അമേരിക്കക്ക് ഗുണകരമാകുന്ന കരാര്‍ മാത്രമേ അംഗീകരിക്കൂ'

ഒന്നുകില്‍ ഇറാനുമായി ഉടന്‍ കരാറിലെത്തിയേക്കുമെന്നും അല്ലാത്തപക്ഷം അവരെ തകര്‍ക്കുമെന്നും ട്രംപ്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-02 03:46:00.0

Published:

2 May 2026 8:40 AM IST

Trump says Cuba is next target after Iran
X

വാഷിങ്ടണ്‍: ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബ കീഴടങ്ങണമെന്നാവശ്യപ്പെട്ട ട്രംപ് ക്യൂബക്കെതിരെ കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തി. ഇറാനുമായി അമേരിക്കക്ക് ഗുണകരമാകുന്ന കരാര്‍ മാത്രമേ അംഗീകരിക്കൂവെന്നും ഇപ്പോള്‍ തുടരുന്ന ചര്‍ച്ചകളില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞു.

ഒന്നുകില്‍ ഇറാനുമായി ഉടന്‍ കരാറിലെത്തിയേക്കുമെന്നും അല്ലാത്തപക്ഷം അവരെ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് സ്വീകാര്യമല്ലാത്ത ആവശ്യങ്ങളാണ് ഇറാന്‍ ഉന്നയിക്കുന്നതെന്നും ട്രംപ് പ്രസ്താവിച്ചു. യുദ്ധവിരാമം ലക്ഷ്യംവെച്ച് പാകിസ്താന്‍ മുഖേന ഇറാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

'ഒരു കരാറിലെത്തണമെന്നാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. അത് തനിക്കറിയാം. എങ്കിലും, അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ അത്ര തൃപ്തനല്ല ഞാന്‍. ഇറാനില്‍ ആകെ കുഴപ്പങ്ങളും നേതാക്കള്‍ തമ്മിലുള്ള ഭിന്നതയുമാണ്. അതുപോലുള്ള വിവരങ്ങളാണ് അവിടെ നിന്ന് വരുന്നത്. നിലവില്‍, ഇറാന്‍ നല്‍കിയ നിര്‍ദേശം സ്വീകാര്യമല്ല. അവരതില്‍ മാറ്റം വരുത്തി പുതിയത് കൈമാറട്ടെ. ഇറാന്‍ അല്‍പം ആശയക്കുഴപ്പത്തിലാണെന്നറിയാം. എങ്കിലും ചര്‍ച്ചകള്‍ തുടരട്ടെ' -ട്രംപ് പറഞ്ഞു.

അതിനിടെ, ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് അനുമതി നല്‍കി. ഒരു ബില്യന്‍ ഡോളറിന്റെ മിസൈല്‍ വില്‍പ്പനക്കാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയത്. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് യുഎസ് കോണ്‍ഗ്രസിനെ മറികടന്നുള്ള ആയുധ കരാര്‍ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

TAGS :

Next Story