Quantcast

ഞാൻ വേഗം സ്പാനിഷ് പഠിക്കും, യുഎസിന് ശേഷം വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം: ഡൊണാൾഡ് ട്രംപ്

ഇറാഖ് യുദ്ധസമയത്ത് ജോർജ് ബുഷ് ഭരണകൂടം വരുത്തിയ പിഴവുകൾ താൻ ആവർത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു

MediaOne Logo
ഞാൻ വേഗം സ്പാനിഷ് പഠിക്കും, യുഎസിന് ശേഷം വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം: ഡൊണാൾഡ് ട്രംപ്
X

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് കാലാവധിക്ക് ശേഷം വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സൈനിക നീക്കങ്ങളെക്കുറിച്ചും ട്രംപ് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. താൻ വെനസ്വേലയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ മറ്റാരേക്കാളും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അതിനായി സ്പാനിഷ് ഭാഷ വേഗത്തിൽ പഠിച്ചെടുക്കുമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. വെനസ്വേലയിലെ ജനങ്ങൾക്കിടയിൽ തനിക്ക് വലിയ സ്വാധീനമുണ്ടെന്നും അവിടെ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിലെ തന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയ ശേഷം വെനസ്വേലയിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് ഭാഷാ പഠനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 'ഞാൻ വേഗത്തിൽ സ്പാനിഷ് പഠിക്കും, അതിന് അധിക സമയം എടുക്കില്ല. എനിക്ക് ഭാഷകൾ പഠിക്കാൻ പ്രത്യേക കഴിവുണ്ട്,' എന്ന് ട്രംപ് പരിഹാസരൂപേണ പറഞ്ഞു. വെനസ്വേലയിലെ നിലവിലെ ഭരണകൂടത്തെയും അവിടുത്തെ തെരഞ്ഞെടുപ്പ് രീതികളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വെനസ്വേലൻ ജനത വലിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക ശക്തിയെക്കുറിച്ചും വെനസ്വേലയിലെ സൈനിക നടപടികളെക്കുറിച്ചും ട്രംപ് ചില വെളിപ്പെടുത്തലുകൾ നടത്തി. അമേരിക്കൻ സൈന്യത്തിന്റെ ആക്രമണ വീര്യം കണ്ട് വെനസ്വേലൻ ജനറൽ പോലും അത്ഭുതപ്പെട്ടതായി അദ്ദേഹം അവകാശപ്പെടുന്നു. വെനസ്വേലൻ സൈന്യത്തിന്റെ പക്കൽ റഷ്യൻ, ചൈനീസ് നിർമിത അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും കപ്പലുകൾക്കും മുന്നിൽ അവയൊന്നും പ്രവർത്തിച്ചില്ലെന്നും, മിനിറ്റുകൾക്കുള്ളിൽ തന്നെ അമേരിക്കൻ സൈന്യം മേധാവിത്വം സ്ഥാപിച്ചെന്നും ട്രംപ് വിവരിച്ചു.

ഇറാഖ് യുദ്ധസമയത്ത് ജോർജ് ബുഷ് ഭരണകൂടം വരുത്തിയ പിഴവുകൾ താൻ ആവർത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിൽ സൈന്യത്തെയും പൊലീസിനെയും കൂട്ടത്തോടെ പിരിച്ചുവിട്ടത് ഐസിസിന്റെ (ISIS) രൂപീകരണത്തിന് കാരണമായെന്നും, വെനസ്വേലയിൽ അത്തരം അബദ്ധങ്ങൾ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയിലെ സ്വാഭാവിക വിഭവങ്ങളെക്കുറിച്ചും അവിടുത്തെ സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം, മേഖലയിലെ സമാധാനത്തിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

TAGS :

Next Story