'സൈനിക നടപടി ആവശ്യമില്ലെന്ന് പ്രതീക്ഷിക്കുന്നു'; ഇറാനെതിരായ ഭീഷണിയുടെ സ്വരം മാറ്റി ട്രംപ്
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് ഭീഷണി മുഴക്കിയത്

- Published:
30 Jan 2026 7:41 AM IST

വാഷിങ്ടണ്‍ ഡിസി: ഇറാനെതിരെ മുഴക്കുന്ന നിരന്തര ഭീഷണിയുടെ സ്വരം മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാനെതിരെ സൈനിക നടപടി ആവശ്യമായി വരില്ലെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് ഏറ്റവുമൊടുവില്‍ പറഞ്ഞു. ഇറാനെ ആക്രമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വരെ ട്രംപിന്റെ നിലപാട്.
'ഇറാന് നേരെ ഞങ്ങളുടെ സൈനിക സംഘം നീങ്ങുന്നുണ്ട്. എന്നാല്‍, സൈന്യത്തെ ഉപയോഗിക്കേണ്ടി വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്' -മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ചകള്‍ നടത്തുമോ എന്ന ചോദ്യത്തിന് നടത്തുമെന്നായിരുന്നു ട്രംപിന്റെ മറുപടി. 'ഇറാനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ചര്‍ച്ചകള്‍ നടത്താനാണ് ഉദ്ദേശ്യം. യുഎസിന്റെ ശക്തമായ ഒട്ടനവധി കപ്പലുകള്‍ ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. അവയെ ഉപയോഗിക്കാതിരിക്കുകയാണെങ്കില്‍ അത്രയും നല്ലത്' -ട്രംപ് പറഞ്ഞു.
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഇറാന് നേരെ ട്രംപ് ഭീഷണി മുഴക്കിയത്. ചര്‍ച്ചകള്‍ തുടരുമെന്ന പ്രസ്താവന ഈ നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കിനെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, യുഎസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നല്‍കാന്‍ സായുധ സേന സജ്ജമാണെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ''ഇറാനെതിരെ കര, കടല്‍, ആകാശം എന്നിങ്ങനെ ഏതുമാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായ മറുപടി നല്‍കാന്‍ കാഞ്ചികളില്‍ വിരലമര്‍ത്തിക്കൊണ്ട് സായുധ സേന സജ്ജരായിക്കഴിഞ്ഞു'' എന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.
Adjust Story Font
16
