‘അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചു’; വിചിത്രവാദവുമായി ട്രംപ്
ഇറാനിലെ യുദ്ധം ലക്ഷ്യത്തിനടുത്തെത്തിയെന്നും വെടിനിർത്തലിനായി ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു

- Published:
26 March 2026 11:28 AM IST

വാഷിങ്ടൺ: ഇറാൻ്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നെ അനൗദ്യോഗികമായി ക്ഷണിച്ചുവെന്ന വിചിത്ര അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ട്രംപിൻ്റെ ഈ അസാധാരണ വെളിപ്പെടുത്തൽ. എന്നാൽ ഇറാൻ്റെ ഈ വാഗ്ദാനം താൻ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ഭരണശൂന്യത നികത്താനാണ് അവർ തന്നെ സമീപിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്‌തബ ഖാംനഈയെ തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ് മുജ്‌തബ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിൻ്റെ ഈ പുതിയ പ്രസ്താവന.
അതേസമയം, ഇറാനിലെ യുദ്ധം അതിൻ്റെ ലക്ഷ്യത്തിനടുത്തെത്തിയെന്നും വെടിനിർത്തലിനായി ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി രഹസ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിൻ്റെ അവകാശവാദങ്ങളെ പരിഹാസത്തോടെയാണ് ഇറാൻ നേരിട്ടത്. അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫാഖാരി, 'ട്രംപ് തന്നോട് തന്നെയാണോ ചർച്ച നടത്തുന്നത്?' എന്ന് പരിഹസിക്കുകയും ചെയ്തു.
വെടിനിർത്തലിനായി ട്രംപ് മുന്നോട്ടുവെച്ച 15 ഉപാധികൾ ഇറാൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പകരം യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് കർശന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുക, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പുനൽകുക, യുദ്ധനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ.
Adjust Story Font
16
