ആണവ പദ്ധതിയിൽ അമേരിക്കയുമായി ഇറാൻ കരാർ ആഗ്രഹിക്കുന്നതായി ട്രംപ്; ഒരു ചർച്ചയുമില്ലെന്ന് മറുപടി, ഒപ്പം താക്കീതും
ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.

വാഷിങ്ടൺ: ആണവ പദ്ധതി വിഷയത്തിൽ അമേരിക്കയുമായി ഇറാൻ കരാർ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാറിന് അന്തിമ സമയപരിധിയുണ്ടെന്നും അക്കാര്യം ഇറാന് ബോധ്യമുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ട്രംപ് പ്രതികരിച്ചു. ഏറ്റവും വലിയ യുദ്ധക്കപ്പലുകളും മറ്റ് സന്നാഹങ്ങളും ഇറാന് നേരെ അയച്ചത് കരാർ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ട്രംപിന്റെ അവകാശവാദം.
ഇതിനിടെ, ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഇറാൻ ആഭ്യന്തര മന്ത്രാലയത്തിനും ഏഴ് വ്യക്തികൾക്കും എതിരെയാണ് പുതിയ ഉപരോധം. ഇതോടെ, ചർച്ചാ സാധ്യതകൾ വഴിമുട്ടിയിരിക്കുകയാണ്. യുഎസുമായി തങ്ങൾ കരാർ ആഗ്രഹിക്കുന്നെന്ന ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇറാൻ രംഗത്തെത്തുകയും ചെയ്തു.
അമേരിക്കയുമായി പുതിയ ആണവ ചർച്ച പരിഗണനയിൽ ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ഛി പറഞു. ആണവ പദ്ധതി ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിജപ്പെടുത്തുക, സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ ശിക്ഷാ നടപടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്.
യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അടിച്ചേൽപ്പിച്ചാൽ ശത്രുവിന്‍റെ കേന്ദ്രങ്ങൾക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കുമെന്നും ഇറാൻ താക്കീത് നൽകി. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തുവന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെയാണ് ഉർദുഗാൻ നിലപാട് അറിയിച്ചത്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാനും അമേരിക്കയുമായും ആശയവിനിമയം തുടരുകയാണ്.
Adjust Story Font
16

