Quantcast

ഇസ്രായേല്‍ കപ്പലുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്, മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് അനുമതിയോടെ ഹോര്‍മുസ് കടക്കാം; നിയമ നിര്‍മാണത്തിന് ഒരുങ്ങി ഇറാന്‍ പാര്‍ലമെൻ്റ്

യുദ്ധത്തിൻ്റെ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം അമേരിക്കയുടെ കപ്പലുകള്‍ക്ക് അനുമതി നല്‍കും

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-03 07:42:15.0

Published:

3 May 2026 10:07 AM IST

transit fees through the Strait of Hormuz would be paid in Iran Rial
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ മേല്‍നോട്ടം സംബന്ധിച്ച് കരട് നിയമ നിര്‍മാണത്തിന് ഒരുങ്ങി ഇറാന്‍ പാര്‍ലമെന്റ്. ഇസ്രയേല്‍ കപ്പലുകള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. യുദ്ധത്തിന്റെ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം അമേരിക്കയുടെ കപ്പലുകള്‍ക്ക് അനുമതി നല്‍കും. മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് കടക്കാം.

യുഎസുമായി ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് ഇറാനെ ഇനിയും മനസിലായിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആണവായുധ വ്യാപന നിരോധന ഉടമ്പടി (എന്‍പിടി) പാലിക്കാത്ത അമേരിക്കയുടേത് ഇരട്ടത്താപ്പാണ്. ഇറാന്റെ കാര്യത്തില്‍ അമിത വ്യഗ്രത പുലര്‍ത്തുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന തണുത്ത നിലപാടിനെയും ഇറാന്‍ വിമര്‍ശിച്ചു.

അതേസമയം, മോശം പെരുമാറ്റം തുടര്‍ന്നാല്‍ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണിയുയര്‍ത്തി. ഇറാന്‍ കൈമാറിയ പതിനാലിന നിര്‍ദേശങ്ങള്‍ വിലയിരുത്തി വരികയാണ്. എന്നാല്‍, ഇതിന്റെ പുറത്ത് ഒരു കരാര്‍ രൂപപ്പെടുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഉപാധികളുടെ പുറത്ത് മേഖലയിലെ എല്ലാ സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഇറാന്‍ കൈമാറിയ പതിനാലിന നിര്‍ദേശം. നാവിക ഉപരോധം അവസാനിപ്പിക്കുകയും ഇനി അക്രമിക്കുകയില്ലെന്ന് ഉറപ്പ് നല്‍കുകയും വേണമെന്ന് നിര്‍ദേശത്തില്‍ ഇറാന്‍ ആവശ്യപ്പെടുന്നു. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ അമേരിക്ക സമര്‍പ്പിച്ച ഒമ്പതിന നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്റെ പതിനാലിന നിര്‍ദേശം. എന്നാല്‍, സമഗ്ര വെടിനിര്‍ത്തല്‍ നിലവില്‍ വരാതെ ആണവ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് നിര്‍ദേശത്തില്‍ ഇറാന്‍ വ്യക്തമാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story