Quantcast

പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ്; ഇറാനുമായുള്ള യുദ്ധം അവസാനിക്കാൻ പോകുന്നതായി ട്രംപ്, രണ്ടാംഘട്ട ചർച്ച ഉടൻ

ട്രംപിന്റെ യുദ്ധാധികാരം കുറക്കാൻ യുഎസ് സെനറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും

MediaOne Logo

Web Desk

  • Updated:

    2026-04-15 04:35:17.0

Published:

15 April 2026 6:57 AM IST

പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ്; ഇറാനുമായുള്ള യുദ്ധം അവസാനിക്കാൻ പോകുന്നതായി ട്രംപ്, രണ്ടാംഘട്ട ചർച്ച ഉടൻ
X

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളെയും ലോകത്തെയും യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാൻ സംഘർഷത്തിൽ മഞ്ഞുരുക്കത്തിന് സാധ്യത. ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ നടന്നേക്കുമെന്നും, ചർച്ചയിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികൾ പൂർത്തീകരിച്ചിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, വരും ദിവസങ്ങളിലെ സംഭവവികാസങ്ങൾ വിലയിരുത്തിയാകും തുടർനീക്കങ്ങളെന്നും കൂട്ടിച്ചേർത്തു.

രണ്ടാംഘട്ട ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാന തർക്കം നിലനിൽക്കുന്നത്. അഞ്ച് മുതൽ 10 വർഷം വരെ ഇത് നിർത്തിവെക്കാൻ ഇറാൻ സന്നദ്ധമാണെങ്കിലും 20 വർഷമോ അതിലധികമോ കാലം മരവിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നിരുന്നാലും, ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാക്കാൻ ഇരുപക്ഷവും തുറന്ന മനസോടെയാണ് ചർച്ചകൾക്ക് ഒരുങ്ങുന്നത്. ഇതിനിടെ, ആണവായുധം നിർമിക്കാൻ ഇറാന് യാതൊരു നീക്കവുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടറും വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഇതുവരെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ല. ട്രംപിന്റെ ഭീഷണികൾ മറികടന്ന് ചൈനയുടേത് ഉൾപ്പെടെ നിരവധി കപ്പലുകൾ ഇതിനോടകം ഹോർമുസ് കടന്നു. ഇറാൻ തുറമുഖങ്ങളിലേക്കും തിരികെയും വരുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്ന് യുഎസ് സേന തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. സഖ്യകക്ഷികളുടെ കപ്പലുകൾക്ക് അകമ്പടി പോകാനുള്ള തീരുമാനത്തിൽ നിന്നും യുഎസ് സൈന്യം പിന്മാറിയിട്ടുണ്ട്.

അമേരിക്കൻ കോൺഗ്രസിലും യുദ്ധത്തിനെതിരായ നീക്കങ്ങൾ ശക്തമാണ്. ട്രംപിന്റെ യുദ്ധാധികാരം കുറക്കാൻ യുഎസ് സെനറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇറാനുമായുള്ള യുദ്ധം അമേരിക്കൻ ജനതയെ അപകടത്തിലാക്കുന്നതാണെന്നും, ആഭ്യന്തര വിപണിയിൽ വൻ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നുമാണ് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

ഇറാൻ-യു.എസ് സംഘർഷത്തിന് സമാന്തരമായി ദക്ഷിണ ലബനനിൽ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. ലബനാൻ യുദ്ധം ഉടൻ നിർത്തണമെന്ന് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങി പത്തോളം രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വെച്ച് ലബനാൻ-ഇസ്രായേൽ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും വെടിനിർത്താൻ ഇസ്രായേൽ വിസമ്മതിച്ചു.

TAGS :

Next Story