Quantcast

'ട്രംപ് കരാർ ആഗ്രഹിക്കുന്നു, പക്ഷേ, ഇറാനെ കിട്ടില്ല': വെളിപ്പെടുത്തലുമായി ഇസ്രായേലി ഉദ്യോഗസ്ഥര്‍

ഇറാന് നേരെയുള്ള അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-24 13:28:27.0

Published:

24 March 2026 6:55 PM IST

ട്രംപ് കരാർ ആഗ്രഹിക്കുന്നു, പക്ഷേ, ഇറാനെ കിട്ടില്ല: വെളിപ്പെടുത്തലുമായി ഇസ്രായേലി ഉദ്യോഗസ്ഥര്‍
X

ജെറുസലേം: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി കരാറിലെത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ നീക്കം നടത്തുന്നതായി റിപ്പോർട്ട്. എന്നാൽ, അമേരിക്ക മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇസ്രേയലി ഉദ്യോഗസ്ഥര്‍. മൂന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്റെ ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈൽ നിര്‍മാണത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തുക എന്നതാണ് ട്രംപ് ഭരണകൂടം പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതൊരിക്കലും ഇറാന്‍ അംഗീകരിക്കില്ലെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 28ന് ഇറാന് നേരെയുള്ള അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായും തടസപ്പെട്ടിരുന്നു. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇസ്രായേലിനെ കൂട്ടുപിടിച്ചുള്ള അമേരിക്കയുടെ ആക്രമണം. ഇറാനുമായി മികച്ചതും ക്രിയാത്മകവുമായ സംഭാഷണങ്ങൾ നടന്നുവരികയാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നത്.

എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ ഇറാന്‍ നിഷേധിക്കുകയായിരുന്നു. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നാണ് ഔദ്യോഗികമായി ഇറാൻ വ്യക്തമാക്കുന്നത്. യുഎസും ഇസ്രായേലും യുദ്ധത്തില്‍ വൻ മുന്നേറ്റങ്ങള്‍ നടത്തിയതിനാല്‍ കരാറിന് ട്രംപ് ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു.

അതേസമയം തങ്ങളുടെ സായുധ സേന 'പൂർണ്ണ വിജയം വരെ' പോരാട്ടം തുടരുമെന്നാണ് ഇറാന്റെ ഉന്നത സൈനിക വക്താവ് ഇന്ന് പറഞ്ഞത്. ഖാത്തം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ മേജർ ജനറൽ അലി അബ്ദുല്ലാഹി അലിയാബാദിയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.

TAGS :

Next Story