Quantcast

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയക്കാന്‍ ട്രംപ്; ഇറാനില്‍ കരയാക്രമണത്തിന് നീക്കമെന്ന്

ട്രംപിന് മേഖലയില്‍ കൂടുതല്‍ സൈനിക ഇടപെടലുകള്‍ക്ക് അവസരമൊരുക്കാനാണ് വന്‍തോതില്‍ സൈനിക വിന്യാസത്തിനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

MediaOne Logo
Trump weighs sending another 10,000 ground troops to the Middle East: Report
X

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം തുടരവേ 10,000 സൈനികരെ കൂടി മേഖലയില്‍ അധികമായി വിന്യസിക്കാനും ഇറാനില്‍ കരയാക്രമണത്തിനും യുഎസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ട്രംപിന് മേഖലയില്‍ കൂടുതല്‍ സൈനിക ഇടപെടലുകള്‍ക്ക് അവസരമൊരുക്കാനാണ് വന്‍തോതില്‍ സൈനിക വിന്യാസത്തിനൊരുങ്ങുന്നതെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

5000 മറീനുകള്‍, 82ാമത് എയര്‍ബോണ്‍ ഡിവിഷനിലെ 2000 പാരാട്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പുതുതായി വിന്യസിക്കുന്നതില്‍ ഉള്‍പ്പെടും. വ്യോമാക്രമണത്തിന് പുറമേ ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള കരയാക്രമണത്തിനായി പെന്റഗണ്‍ സൈനിക ആസൂത്രണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് സൈന്യത്തെ അയക്കുമെന്നും ഹോര്‍മൂസ് പിടിച്ചെടുക്കുന്നതിനായി യുഎസ് മറീനുകളെ ഇറക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടലില്‍ യുദ്ധം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സംഘമാണിത്. ഇവര്‍ക്കൊപ്പം കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകളും മേഖലയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോര്‍മൂസ് തുറക്കാന്‍ 48 മണിക്കൂര്‍ സമയമെന്ന അന്ത്യശാസനം ഇറാന് നല്‍കിയതിന് പിന്നാലെയാണ് ട്രംപ് അപ്രതീക്ഷിതമായി ആക്രമണത്തിന് ഇടവേള പ്രഖ്യാപിച്ചത്.

അതിനിടെ, ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഏപ്രില്‍ ആറ് വരെ ആക്രമണം നടത്തില്ലെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ദിവസമായിരുന്നു ആക്രമണത്തിന് ഇടവേള നല്‍കിയത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയിരിക്കുന്നത്. എന്നാല്‍, ഇറാന്‍ - അമേരിക്ക സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഏകപക്ഷീയ പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവരുന്നത്. അമേരിക്ക സമര്‍പ്പിച്ച പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ തള്ളിയതായും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story