'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും'; ഹോർമുസ് തുറക്കാൻ മറ്റൊരു 48 മണിക്കൂർ മുന്നറിയിപ്പുമായി ട്രംപ്
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് മാർച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു

- Updated:
2026-04-04 17:10:20.0

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് വീണ്ടും 48 മണിക്കൂർ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രംപ് ഈ അന്ത്യശാസനം നൽകിയത്. നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് മേൽ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും 'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും' എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ട്രംപ് ഭരണകൂടം ഇറാനു നേരെ തുടർച്ചയായി നൽകിവരുന്ന സമയപരിധികളുടെ പട്ടികയിലെ പുതിയൊരെണ്ണം മാത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് മാർച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകി.
അതേസമയം, ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചിൽ മേഖലയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാൽ ഈ തിരച്ചിൽ ദൗത്യം അമേരിക്കക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈലറ്റിനെ കണ്ടെത്താനായി അയച്ച രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്ററുകൾ കൂടി ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തത് സ്ഥിതിഗതികൾ സങ്കീർണമാക്കി. ഈ ഹെലികോപ്റ്ററുകളിലെ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ ആത്മവിശ്വാസത്തിന് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തങ്ങൾ പൂർണമായും തകർത്തുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ അളവിൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങൾ അമേരിക്ക മേഖലയിൽ വിന്യസിച്ചത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വിമാനങ്ങൾ വെടിവെച്ചിട്ടതിലൂടെ ഇറാന്റെ പ്രതിരോധം ഇപ്പോഴും ശക്തമാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ, ഭീമൻ വിമാനങ്ങളായ ബി-52-കൾ ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാൽ അവയുടെ ദൗത്യങ്ങൾ നിർത്തിവെക്കാൻ വാഷിംഗ്ടൺ ആലോചിക്കുന്നുണ്ട്.
Adjust Story Font
16
