ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ നീല കോട്ടണിഞ്ഞ് ട്രംപ്; വിവാദം
പലയിടങ്ങളിലും സംസ്കാര ചടങ്ങുകളിൽ കറുപ്പ് ധരിക്കുന്നത് ദുഃഖത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് സംസ്‌കാരച്ചടങ്ങിലെ വസ്ത്രധാരണത്തിന് വിമർശനം ഏറ്റുവാങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകനേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് കറുപ്പിന് പകരം നീലയണിഞ്ഞ് വന്നത്. പലയിടങ്ങളിലും സംസ്കാര ചടങ്ങുകളിൽ കറുപ്പ് ധരിക്കുന്നത് ദുഃഖത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നു. മറ്റു നിറങ്ങൾ ധരിക്കുന്നത് ധരിക്കുന്നത് അനാദരവായാണ് പലരും കണക്കാക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കറുത്ത വസ്ത്രം അണിഞ്ഞ് എത്തിയിരുന്നു. ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിനെത്തിയത്.
ഇളം നീല നിറത്തിലുള്ള കോട്ടാണ് ട്രംപ് ധരിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഉപയോക്താക്കളാണ് ട്രംപിനെതിരെ രംഗത്ത് വന്നത്. ട്രംപിന്റെ പ്രവർത്തി ലജ്ജാകരമാണെന്നും കടും നീല നിറമെങ്കിലും ട്രംപിന് തെരഞ്ഞെടുക്കമായിരുന്നുവെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. കറുപ്പ് സ്യൂട്ടും നീല ടൈയും ധരിച്ചാണ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങിന് എത്തിയത്.
ഇന്നലെയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്തു. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്.
Adjust Story Font
16

