Quantcast

'ട്രംപിന്റെ ഗസ്സ പദ്ധതി അസംബന്ധം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം': യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്

മേഖലയില്‍ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും ഫ്രാൻസെസ്ക നല്‍കുന്നു.

MediaOne Logo

Web Desk

  • Updated:

    2025-02-06 06:04:42.0

Published:

6 Feb 2025 11:33 AM IST

ട്രംപിന്റെ ഗസ്സ പദ്ധതി അസംബന്ധം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്
X

കോപ്പന്‍ഹേഗ്: ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് നീക്കി മറ്റ് രാജ്യങ്ങളില്‍ മാറ്റിപ്പാർപ്പിക്കാനുളള ട്രംപിന്റെ പദ്ധതിക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്.

പദ്ധതിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച അൽബനീസ് അധാർമികവും പൂർണ്ണമായും നിരുത്തരവാദപരമായ സമീപനമാണെന്നും കുറ്റപ്പെടുത്തി. മേഖലയില്‍ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും ഫ്രാൻസെസ്ക നല്‍കുന്നു. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

'അംസംബന്ധമാണ് ട്രംപിന്റ ആലോചന. നിര്‍ബന്ധിച്ച് അവരെ ഇറക്കിവിടുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ദീർഘകാല സംഘർഷം പരിഹരിക്കാൻ സാമ്പത്തിക പ്രോത്സാഹനങ്ങൾക്ക് കഴിയുമെന്ന ധാരണ തെറ്റാണെന്നും അൽബനീസ് പറഞ്ഞു.

'വികസനപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയിലൂടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നായാണ് അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ പ്രശ്‌നത്തെ വളരെക്കാലമായി കാണുന്നത്. എന്നാല്‍ സത്യസന്ധമായി ഒരു കാര്യം പറയട്ടെ, അത് നടക്കില്ല. സാമ്പത്തിക വളർച്ച പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാലത് മൗലികാവകാശങ്ങളുടെ ചെലവിലല്ല നടപ്പിലാക്കേണ്ടത്. സ്വാതന്ത്ര്യമാണ് ഗസ്സയില്‍ വേണ്ടത്'- അൽബനീസ് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച വാഷിംഗ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് തന്റെ അപ്രതീക്ഷിത പദ്ധതി വെളിപ്പെടുത്തിയത്. പിന്നാലെ തന്നെ വലിയ പ്രതിഷേധം ട്രംപിനെതിരെ ഉയർന്നിരുന്നു. ഗസ്സയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. '' ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗസ്സയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഫലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story