ഇറാനില്‍ ഇസ്രായേലിന്റെ തിരിച്ചടി; തെഹ്റാൻ, തബ്രീസ്, ഇസ്ഫഹാൻ നഗരങ്ങളിൽ സ്ഫോടനം
തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് നേരെയും വ്യോമാക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ

- Published:
8 Jun 2026 7:51 AM IST

Representative image
തെഹ്റാന്‍: പശ്ചിമ, മധ്യ ഇറാനില്‍ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ തലസ്ഥാനമായ തെഹ്റാന്‍, തബ്രിസ്, ഇസ്ഫഹാൻ എന്നീ പ്രമുഖ നഗരങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ലെബനാനിലെ ഇസ്രായേൽ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രി ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' നൽകുന്ന വിവരങ്ങൾ പ്രകാരം തലസ്ഥാനമായ തെഹ്‌റാനിൽ ചുരുങ്ങിയത് രണ്ട് വൻ സ്ഫോടനങ്ങളും, ഇസ്ഫഹാൻ നഗരത്തിൽ മൂന്ന് സ്ഫോടനങ്ങളും നടന്നുവെന്നാണ്. തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് നേരെയും വ്യോമാക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് തങ്ങളുടെ വ്യോമസേന പ്രത്യാക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കടുത്ത യുദ്ധത്തിലേക്ക് വഴിമാറുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ബെയ്റൂത്തിന്റെ തെക്കൻ മേഖലയായ ദാഹിയേ ഉൾപ്പെടെയുള്ള ലെബനാൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ മിസൈലുകൾ അയച്ചത്.
മേഖലയിൽ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ ഈ നിർദ്ദേശം പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഇസ്രായേൽ ഇറാനിലേക്ക് നേരിട്ട് ആക്രമണം നടത്തിയത്. ഇസ്രായേൽ തിരിച്ചടിച്ചാൽ ഇനിയും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16
