Quantcast

ഗസ്സയിലെ കൂട്ടക്കുരുതി: ഇസ്രായേലുമായി വ്യാപാര ചർച്ചകൾ നിർത്തി ബ്രിട്ടൻ, അംബാസിഡറെ വിളിച്ചുവരുത്തി

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഭയപ്പെടുത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ

MediaOne Logo

Web Desk

  • Updated:

    2025-05-21 00:54:21.0

Published:

20 May 2025 10:15 PM IST

ഗസ്സയിലെ കൂട്ടക്കുരുതി: ഇസ്രായേലുമായി വ്യാപാര ചർച്ചകൾ നിർത്തി ബ്രിട്ടൻ, അംബാസിഡറെ വിളിച്ചുവരുത്തി
X

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ 

ലണ്ടന്‍: ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച് ബ്രിട്ടന്‍. പിന്നാലെ ബ്രിട്ടനിലെ ഇസ്രായേല്‍ അംബാസിഡറെ വിളിച്ചുവരുത്തുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഭയപ്പെടുത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

സൈന്യം പുതിയ സൈനിക നടപടി ആരംഭിച്ചതായി അടുത്തിടെയാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ഗസ്സയുടെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ഉയരുന്നതിനിടെയാണ് ബ്രിട്ടന്റെ നടപടി.

ആക്രമണത്തിലൂടെയല്ല ബാക്കിയുള്ള ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരേണ്ടതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കി. അദ്ദേഹമാണ് വ്യാപാര ചർച്ചകൾ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. അതേസമയം നിലവിലെ വ്യാപാര കരാര്‍ തുടരും.

ഗസ്സയ്ക്ക് മേല്‍ ചൊരിയുന്ന സഹായഹസ്തങ്ങളെ തടയുന്നതില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നീക്കങ്ങളെ നോക്കി നിൽക്കാൻ കഴിയില്ലെന്നും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് അടിവരയിടുന്ന തത്വങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ഡേവിഡ് ലാമി പറഞ്ഞു. ഇതിനിടെ ഫലസ്തീനികൾക്കെതിരായ അക്രമ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലെ നിരവധി വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.

അതേസമയം ഗസ്സയിലെ ഇസ്രായേലിന്റെ പുതിയ വംശഹത്യാ പദ്ധതിക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുകയാണ്. ഇസ്രായേലിന്റെ ഉപരോധം തകർത്ത് ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കണമെന്ന് ലോകത്തെ പ്രധാനപ്പെട്ട 760 സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു. ഇതിനിടെ അന്താരാഷ്ട്ര സമ്മർദങ്ങളെല്ലാം തള്ളി ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്.

TAGS :

Next Story