ഗസ്സയിൽ ഭക്ഷണം കാത്തുനിന്ന 75 പേരെ കൊന്നൊടുക്കിയ സംഭവം; നടുക്കം രേഖപ്പെടുത്തി യുഎന്‍, സമഗ്ര അന്വേഷണം വേണമെന്നാവശ്യം
ഫലസ്തീനികള്‍ക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടെന്ന് യു.എൻ ഏജൻസി

ദുബൈ സിറ്റി: ഗസ്സയിൽ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ വരിനിന്ന 75 പേരെ കൊന്നൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുഎന്നും അന്തർദേശീയ സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.
കൊടും പട്ടിണിയിലായ ഫലസ്തീനികൾക്ക് ഭക്ഷ്യവിതരണത്തിനെന്ന പേരിൽ അമേരിക്കയുമായി ചേർന്ന് ഇസ്രായേൽ ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫണ്ടേഷൻ കേന്ദ്രങ്ങളിൽ സൈന്യം കൊന്നുതള്ളിയത് 75 പേരെയാണ്. ഭക്ഷണത്തിന് വരിനിന്ന 400 ലധികം പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്ന കൂട്ടക്കുരുതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു. യുഎൻ ഏജൻസികളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും കുരുതിയെ അപലപിച്ചു. വടക്കൻ ഗസ്സയിൽ ദുരിതത്തിലായ ഫലസ്തീനികൾക്കുള്ള കുടിവെള്ള വിതരണം നിർത്തി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി യുഎൻ ഏജൻസികൾ വെളിപ്പെടുത്തി.
അമേരിക്കൻ പിന്തുണയോടെ ആക്രമണവും ഉപരോധവും കടുപ്പിച്ച് ഫലസ്തീൻ ജനതയെ ആസൂത്രിത വംശഹത്യ നടത്തുകയാണ് ഇസ്രായേലെന്ന് ഹമാസ് കുറ്റപ്പെടുത്തി. 21 ലക്ഷം ജനങ്ങൾ കൊടും പട്ടിണിയിലാണെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും ലോക ഭക്ഷ്യപദ്ധതി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അതിനിടെ, ഖാൻ യൂനുസ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽസേന ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 53 പേർ കൊല്ലപ്പെട്ടു.ജബാലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളും ഏഴു കുരുന്നുകളുമടക്കം 14 പേരാണ് കൂട്ടക്കൊലക്കിരയായത്. ഗസ്സയിലെ അവശേഷിച്ച ഏക ഡയാലിസിസ് കേന്ദ്രവും ഇസ്രായേൽ ബോംബിങ്ങിൽ തകർന്നു.
ജബാലിയയിൽ ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇസ്രായേലിനു നേർക്കുള്ള പുതിയ മിസൈൽ ആക്രമണം വിജയം കണ്ടതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു.
Adjust Story Font
16

