Quantcast

തടവിലായിരുന്ന യുഎസ് പൗരന്‍ ഡെനിസ് കോയിലിനെ മോചിപ്പിച്ച് താലിബാന്‍

രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് 2025 ജനുവരിയിലാണ് ഡെനിസ് കോയിലിനെ തടവിലാക്കിയത്.

MediaOne Logo
തടവിലായിരുന്ന യുഎസ് പൗരന്‍  ഡെനിസ് കോയിലിനെ മോചിപ്പിച്ച്   താലിബാന്‍
X

കാബൂൾ: ഒരു വർഷത്തിലേറെയായി തടവിൽകഴിഞ്ഞിരുന്ന അമേരിക്കൻ ഗവേഷകൻ ഡെനിസ് കോയിലിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം മോചിപ്പിച്ചു. ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി കോയിലിന് മാപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചും, ഇതുവരെയുള്ള തടവ് ശിക്ഷ മതിയെന്നുമുള്ള സുപ്രിംകോടതി നിരീക്ഷണത്തെത്തുടർന്നുമാണ് അദ്ദേഹം മോചിതനാകുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് 2025 ജനുവരിയിലാണ് ഡെനിസ് കോയിലിനെ തടവിലാക്കിയത്. എന്നാൽ അദ്ദേഹം ഏത് നിയമമാണ് ലംഘിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്. യുഎസ് മുൻ പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദും അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. അമേരിക്കൻ പൗരന്മാരെ തടഞ്ഞുവെച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന "ഹോസ്റ്റേജ് ഡിപ്ലോമസി" അഫ്ഗാൻ പയറ്റുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ മാസം ആദ്യം ആരോപിച്ചിരുന്നു.

എന്നാൽ, ഈ ആരോപണങ്ങൾ അഫ്ഗാൻ സർക്കാർ തള്ളിയിരുന്നു. നിയമലംഘനം നടത്തുന്നവരെ മാത്രമാണ് തടവിലാക്കുന്നതെന്നും അല്ലാതെ മറ്റ് രാജ്യങ്ങളുമായി വിലപേശാനല്ലെന്നും അവർ വ്യക്തമാക്കി. അതേസമയം മഹമൂദ് ഹബീബി എന്ന അഫ്ഗാൻ-അമേരിക്കൻ വ്യവസായിയും അഫ്ഗാനിൽ തടവിലുണ്ടെന്നാണ് പറയപ്പെടുന്നത്. 2022ൽ കാണാതായ ഇദ്ദേഹം താലിബാന്റെ കസ്റ്റഡിയിലുണ്ടെന്നാണ് എഫ്ബിഐ പറയുന്നതെങ്കിലും താലിബാന്‍ തള്ളുകയാണ്.

TAGS :

Next Story