Quantcast

വെടിനിർത്തലല്ല, അമേരിക്കയും ഇസ്രായേലും തോറ്റമ്പിയ യുദ്ധം: പിന്മാറ്റത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ ഇവയാണ്

അത്യാധുനിക സൈനികശക്തിയും സാങ്കേതികവിദ്യയും ഉണ്ടായിട്ടും ഇറാനുമുന്നിൽ ലക്ഷ്യം കാണാതെ ഇസ്രായേലിനും അമേരിക്കയ്ക്കും പിന്മാറേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടിയാണ്

MediaOne Logo
വെടിനിർത്തലല്ല, അമേരിക്കയും ഇസ്രായേലും തോറ്റമ്പിയ യുദ്ധം: പിന്മാറ്റത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ ഇവയാണ്
X

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വരുമ്പോൾ, ലോകം സാക്ഷ്യം വഹിക്കുന്നത് ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പരാജയങ്ങളിലൊന്നിനാണ്. അത്യാധുനിക സാങ്കേതികവിദ്യയും ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയും ഉണ്ടായിട്ടും, ഇസ്രായേലിനും അവരുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്ക്കും ഇറാനുമുന്നിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാകാതെ പിന്മാറേണ്ടി വന്നത് ഒരു അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ തീരുമാനത്തിന് പിന്നിൽ കേവലം രാഷ്ട്രീയ കാരണങ്ങൾ മാത്രമല്ല, ഇസ്രായേലിനും അമേരിക്കയ്ക്കും മറികടക്കാനാകാത്ത ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ ഒട്ടേറെ വെല്ലുവിളികളുണ്ട്.

ഇസ്രായേലും ഇറാനും തമ്മിലുള്ള 1,500 മുതൽ 2,000 കിലോമീറ്റർ വരെയുള്ള വ്യോമദൂരം തന്നെയായിരുന്നു അമേരിക്കൻ-ഇസ്രായേൽ സഖ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ വില്ലൻ. ഇസ്രായേലിന്റെ അഭിമാനമായ F-35I അദിർ, F-15I റാം, F-16I സൂഫ എന്നീ അത്യാധുനിക പോർവിമാനങ്ങൾക്ക് ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ആവശ്യമായ വലിയ ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിച്ച് ഇത്രയും ദൂരം പറക്കാൻ കഴിയില്ലായിരുന്നു. ആയുധങ്ങളുടെ ഭാരം കൂടിയതോടെ വിമാനങ്ങളുടെ ഇന്ധനക്ഷമത കുത്തനെ ഇടിഞ്ഞു. റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യ നിലനിർത്താൻ പുറത്ത് ഇന്ധന ടാങ്കുകൾ ഘടിപ്പിക്കാൻ കഴിയാത്തതും, ശത്രു റഡാറുകളെ വെട്ടിച്ച് വളഞ്ഞു സഞ്ചരിക്കേണ്ടി വന്നതും ഈ വിമാനങ്ങളുടെ കോംബാറ്റ് റേഡിയസ് വലിയ തോതിൽ കുറച്ചു. ഇതോടെ ഇറാനിലെ ഉൾപ്രദേശങ്ങളിൽ കാര്യക്ഷമമായ ആക്രമണം നടത്തുക എന്നത് ഇസ്രായേലിന് അസാധ്യമായി മാറി.

ദീർഘദൂര ആക്രമണങ്ങൾക്ക് മിഡ്-എയർ റീഫ്യൂലിങ് അത്യാവശ്യമാണെന്നിരിക്കെ, ഇസ്രായേലിന്റെ പക്കലുണ്ടായിരുന്ന പഴയ ബോയിങ് 707 ടാങ്കറുകൾ വലിയൊരു ബാധ്യതയായി മാറി. വലിയ ശബ്ദമുണ്ടാക്കുന്നതും റഡാറുകളിൽ പെട്ടെന്ന് തെളിയുന്നതുമായ അൻപത് വർഷത്തോളം പഴക്കമുള്ള ഈ വിമാനങ്ങൾ, ഇറാൻ്റെ അത്യാധുനിക വ്യോമപ്രതിരോധ സിസ്റ്റങ്ങൾക്ക് മുന്നിൽ എളുപ്പത്തിൽ ഇരയാകാൻ സാധ്യതയുള്ളവയായിരുന്നു. ശത്രുരാജ്യത്തിന്റെ വ്യോമാതിർത്തിക്ക് സമീപം വെച്ച് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകുക എന്നത് ഇസ്രായേലി പൈലറ്റുമാർക്ക് ഏറെക്കുറെ ആത്മഹത്യാപരമായിരുന്നു.

2026 മെയ് മാസത്തിൽ അമേരിക്കയിൽ നിന്നും അത്യാധുനിക ബോയിങ് KC-46 'ഗിഡിയോൺ' ടാങ്കർ വിമാനങ്ങൾ ഇസ്രായേലിന് ലഭിച്ചു തുടങ്ങിയെങ്കിലും, അത് യുദ്ധത്തിന്റെ ഗതി മാറ്റാൻ പര്യാപ്തമായിരുന്നില്ല. പുതിയ ടാങ്കറുകൾക്ക് ഇലക്ട്രോമാഗ്നെറ്റിക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഒരേസമയം പല വിമാനങ്ങൾക്ക് ഇന്ധനം നൽകാനും ശേഷിയുണ്ടായിരുന്നു. എന്നാൽ, ഈ ചുരുക്കം ചില വിമാനങ്ങളെ ഇറാൻ്റെ സുസജ്ജമായ മിസൈൽ പ്രതിരോധ നിരയ്ക്ക് മുന്നിൽ പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ ഇസ്രായേൽ തയ്യാറായില്ല. മാത്രമല്ല, വ്യോമതാവളങ്ങളിലെ ഹാംഗറുകളിൽ വെച്ചുതന്നെ ഈ വിലപിടിപ്പുള്ള വിമാനങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയും ഇസ്രായേലിനെ പ്രതിരോധത്തിലാക്കി. ദീർഘദൂര മിഷനുകൾക്ക് ആവശ്യമായ കൃത്യമായ സാറ്റ്ലൈറ്റ് റഡാർ വിവരങ്ങൾക്കും സിഗ്നൽ ഇൻ്റലിജൻസിനും ഇസ്രായേലിന് പൂർണമായും അമേരിക്കയെ ആശ്രയിക്കേണ്ടി വന്നു.

ഇറാനിൽ ഒരു സമ്പൂർണ വ്യോമാക്രമണം നടത്താൻ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ നിരുപാധികമായ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ, പശ്ചിമേഷ്യയിൽ മറ്റൊരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ അമേരിക്കൻ ഭരണകൂടം തയ്യാറായില്ല. ആക്രമണത്തിനിടെ പൈലറ്റുമാർ ശത്രുരാജ്യത്ത് കുടുങ്ങിയാൽ അവരെ രക്ഷപ്പെടുത്താനുള്ള കമാൻഡോ ഓപ്പറേഷനുകൾ പോലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. സാങ്കേതികവിദ്യ എത്രയുണ്ടെങ്കിലും, അടിസ്ഥാനപരമായ ഭൂമിശാസ്ത്ര പരിമിതികളും ലോജിസ്റ്റിക്കൽ വെല്ലുവിളികളും കാരണം ഇറാനെ സൈനികമായി പരാജയപ്പെടുത്തുക എന്നത് തങ്ങൾക്ക് വലിയ നഷ്ടങ്ങൾ വരുത്തിവെയ്ക്കുമെന്ന് അമേരിക്കയും ഇസ്രായേലും തിരിച്ചറിഞ്ഞു.

ഈ വലിയ തിരിച്ചറിവാണ് ഒടുവിൽ യുഎസ്-ഇറാൻ വെടിനിർത്തലിലേക്ക് വഴിതുറന്നത്. ഇത് കേവലമൊരു സമാധാന കരാർ എന്നതിലുപരി, അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ സൈനികവും തന്ത്രപരവുമായ ഒരു പരാജയമായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. ഭൂമിശാസ്ത്രപരമായ ദൂരവും അതിനെ നേരിടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും എങ്ങനെയാണ് അത്യാധുനിക വ്യോമസേനയെപ്പോലും നിഷ്പ്രഭമാക്കുന്നത് എന്നതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

TAGS :

Next Story