'ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനം; അനാവശ്യമായ യുദ്ധം ഒഴിവാക്കേണ്ടതായിരുന്നു': യുഎസിനെതിരെ ജര്‍മൻ പ്രസിഡന്റ്
ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന യുദ്ധത്തിൽ ജർമനി ഒരുതരത്തിലും പങ്കുചേരില്ലെന്ന് കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും വ്യക്തമാക്കിയിരുന്നു

- Published:
24 March 2026 9:23 PM IST

ബെര്‍ലിന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജര്‍മനി. ഇറാന്‍ യുദ്ധം ദുരന്തപൂര്‍ണമായ രാഷ്ട്രീയ അബദ്ധമായിരുന്നെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയര്‍ പറഞ്ഞു. തീര്‍ത്തും അനാവശ്യമായ സാഹചര്യങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. യുദ്ധത്തില്‍ അമേരിക്കയുടെ പക്കല്‍ ന്യായീകരിക്കാന്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ നിരവധി അമേരിക്കന്‍ ബ്യൂറോക്രാറ്റുകള്‍ക്കും സമാന നിലപാടാണുള്ളത്. ഈ യുദ്ധമെന്നത് ദുരന്തപൂര്‍ണമായ രാഷ്ട്രീയ അബദ്ധമായിരുന്നു. ഒഴിവാക്കാമായിരുന്നിട്ടും ഇത് സംഭവിച്ചുവെന്നതിലാണ് വിഷമം. ന്യൂക്ലിയര്‍ ബോംബ് ഉണ്ടാക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്നാണ് യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നുണ്ടെങ്കില്‍ തികച്ചും അനാവശ്യമായ യുദ്ധം'.സ്റ്റീന്‍മെയര്‍ വ്യക്തമാക്കി.
ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ജര്‍മനി ഒരു തരത്തിലും പങ്കുചേരില്ലെന്ന് കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെയും ജര്‍മനിയുടേയും ലക്ഷ്യങ്ങള്‍ പല കാര്യങ്ങളിലും ഒന്നാണെങ്കിലും ഇറാനെതിരായ സംയുക്ത ആക്രമണത്തില്‍ മുന്‍പും അമേരിക്കക്കെതിരായി ജര്‍മനി നിലപാട് സ്വീകരിച്ചിരുന്നു. യുദ്ധത്തിൽ തങ്ങൾ ഒരുതരത്തിലും പങ്കുചേരില്ലെന്നും സൈനികപങ്കാളിത്തത്തിനായി സംഭാവനകൾ നൽകുകയില്ലെന്നുമായിരുന്നു ഫ്രീഡ്റിഷ് മേർട്സിന്‍റെ പ്രതികരണം.
പശ്ചിമേഷ്യയെ യുദ്ധഭീതിയുടെ മുൾമുനയിൽ നിർത്തിയ യുദ്ധം 25-ാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ ചില നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് അമേരിക്ക ആക്രമണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, സുരക്ഷാ മേധാവി അലി ലാരിജാനിയടക്കം ഇറാന്‍റെ പ്രമുഖരായ നേതാക്കളെ വധിച്ചതോടെ മേഖല കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്.
Adjust Story Font
16
