ഗസ്സയുടെ ഡോക്ടര്‍; ന്യൂജേഴ്സിയില്‍ ചരിത്രം കുറിച്ച് ആദം ഹമാവി
മുന്‍ യുഎസ് ആര്‍മി കോംബാറ്റ് സര്‍ജനും പ്ലാസ്റ്റിക് സര്‍ജനുമാണ് ഹമാവി

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള ആദ്യ മുസ്‌ലിം കോണ്‍ഗ്രസ് അംഗമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഡോ. ആദം ഹമാവി വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഗ്രെഗ് മെലെയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ വിജയം കൈവരിച്ചത്. മുന്‍ യുഎസ് ആര്‍മി കോംബാറ്റ് സര്‍ജനും പ്ലാസ്റ്റിക് സര്‍ജനുമാണ് ഹമാവി.
2024-ല്‍ ഗസ്സയില്‍ സന്നദ്ധ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. സിറിയ, ഹെയ്തി, ബോസ്‌നിയ മേഖലകളിലും ഹമാവി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ വംശജനായ ഹമാവി കുട്ടിക്കാലത്താണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
ന്യൂജേഴ്സിയിലെ റട്ജേഴ്സ് സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടി. ഇറാഖ് യുദ്ധത്തിനിടയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രശസ്ത യുഎസ് സെനറ്റര്‍ ടാമി ഡക്ക്വര്‍ത്തിന്റെ ജീവന്‍ രക്ഷിച്ചത് ഹമാവിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന പക്ഷത്തുള്ള നേതാവുമാണ് ഹമാവി. സാര്‍വത്രിക ആരോഗ്യ പരിരക്ഷയില്‍ തുല്യത നടപ്പിലാക്കുക, ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം നിര്‍ത്തലാക്കുക, സാധാരണക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ നയങ്ങള്‍ക്ക് വേണ്ടിയാണ് ഹമാവി നിലകൊള്ളുന്നത്.
Adjust Story Font
16

