ഇസ്രായേലിന് തിരിച്ചടി; ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ അടുത്ത മാസം യാഥാർഥ്യമാക്കാൻ അമേരിക്ക
ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സുരക്ഷാസേനയുടെ വിന്യാസം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ട്രംപ് പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസ്സ സിറ്റി: പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെടിനിർത്തൽ രണ്ടാംഘട്ടം തടസപ്പെടുത്താനുള്ള ഇസ്രായേൽ നീക്കങ്ങൾക്ക് തിരിച്ചടി. ഇസ്രായേലിന്‍റ ശക്തമായ എതിർപ്പിനിടയിലും ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ യാഥാർഥ്യമാക്കാൻ അമേരിക്കൻ നീക്കം. ജനുവരിയിൽ തന്നെ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പിൽ വരുത്താൻ അമേരിക്ക തീരുമാനിച്ചതായി യുഎസ്, ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ യുഎസ് സന്ദർശനവേളയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം നടത്തും എന്നാണ് സൂചന.
ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സുരക്ഷാസേനയുടെ വിന്യാസം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ട്രംപ് പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ രണ്ടാംഘട്ട വെടിനിർത്തൽ സാധ്യത അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് ഇസ്രായേൽ തുടരുന്നതെന്ന് മധ്യസ്ഥ രാജ്യമായ ഈജിപ്ത് കുറ്റപ്പെടുത്തി. ഗസ്സയിൽ വെടിനിർത്തൽ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ നീക്കം ഇതിന്‍റ തുടർച്ചയാണെന്നും ഈജിപ്ത് ചൂണ്ടിക്കാട്ടി.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഇന്നലെയും ആക്രമണം നടത്തി. ഗസ്സയിലെ സ്ഥിതി കൂടുതൽ ആപത്കരമാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അറിയിച്ചു. മരുന്നും ഉപകരണങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്ന ഗസ്സയിലെ ആശുപത്രികൾക്ക് കടുത്ത ഇന്ധനക്ഷാമവും ഇരുട്ടടിയായി. ഇന്ധനക്ഷാമം മൂലം നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന അൽ ഔദ ആശുപത്രി എല്ലാ ശസ്ത്രക്രിയകളും നിർത്തിവച്ചു.
റോഡരികിൽ നമസ്കരിക്കുകയായിരുന്ന ഫലസ്തീൻ യുവാവിനുമേൽ കഴിഞ്ഞ ദിവസം ഇസ്രായേലി കുടിയേറ്റക്കാരനായ റിസർവ് സൈനികൻ വാഹനം ഇടിച്ചുകയറ്റിയത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ, തുടർച്ചയായ രണ്ടാം വർഷവും ഗ്ലോബൽ ബ്രാൻഡിങ് ഇൻഡക്സിൽ അവസാന സ്ഥാനത്തേക്ക് ഇസ്രായേൽ പിന്തള്ളപ്പെട്ടു.
Adjust Story Font
16

