ഫലസ്തീൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ നിർത്തിവെച്ച് ട്രംപ് ഭരണകൂടം
ഫലസ്തീനികളുടെ സന്ദർശക വിസകളിൽ യുഎസ് ഉദ്യോഗസ്ഥർ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നടപടി

വാഷിങ്ടൺ: ഫലസ്തീൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. ഗസ്സയിൽ നിന്നുള്ള ഫലസ്തീനികളുടെ സന്ദർശക വിസകളിൽ യുഎസ് ഉദ്യോഗസ്ഥർ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നടപടി.
ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ ജനറൽ അസംബ്ലി യോഗത്തിന് മുന്നോടിയായി ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ), ഫലസ്തീൻ അതോറിറ്റി (പിഎ) അംഗങ്ങൾക്ക് വിസ നിഷേധിക്കുമെെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരുന്നു.
ആഗസ്റ്റ് 18ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനം എല്ലാ യുഎസ് എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സന്ദേശം അയച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിപുലമായ നടപടികളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീനികളായ പ്രവാസികളിൽ നിന്നുമുള്ള വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകൾ വഴി അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർഥികൾ, പ്രൊഫസർമാർ, വിനോദസഞ്ചാരികൾ, ബിസിനസുകാർ, വൈദ്യചികിത്സ തേടുന്നവർ എന്നിവരുൾപ്പെടെ വിവിധതരം വിസകളെ പുതിയ നടപടി ബാധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ വിസാ നിയന്ത്രണങ്ങളുടെ കാരണമെന്താണെന്ന് വ്യക്തമല്ല.
Adjust Story Font
16

