Quantcast

'സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം'; വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് ട്രംപ് ഭരണകൂടം

ഇന്ത്യക്കാരടക്കം 300 വിദേശ വിദ്യാർഥികളുടെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    10 April 2025 1:27 PM IST

സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം; വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് ട്രംപ് ഭരണകൂടം
X

വാഷിങ്ടൺ: സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പറഞ്ഞു.

ഇമിഗ്രേഷന്‍ അധികാരികള്‍ വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വിസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. നയം ഉടനടി പ്രാബല്യത്തിൽ വരും. വിദ്യാർഥി വിസകൾക്കും ഗ്രീന്‍ കാര്‍ഡിനുമാണ് ഇത് കൂടുതൽ ബാധകമാകുന്നത്.

'തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ലെന്ന്' ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്സ് (ഡിഎച്ച്എസ്) അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യക്കാരടക്കം 300 വിദേശ വിദ്യാർഥികളുടെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു. കൂടുതൽ വിദ്യാർഥികളുടെ വിസയും വരും ദിവസങ്ങളിൽ റദ്ദു ചെയ്യുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. ക്യാമ്പസ് പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു നടപടി. പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുത്തവർക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രതിഷേധ പോസ്റ്റുകളിൽ ലൈക്കു ചെയ്തവർക്കും ഷെയർ ചെയ്തവർക്കും വിസ റദ്ദാക്കൽ നടപടി നേരിടേണ്ടി വന്നിരുന്നു.

TAGS :

Next Story