Quantcast

ജര്‍മനിയിലെ 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് ട്രംപ്; നീക്കം നാറ്റോയുമായുള്ള ഭിന്നതകള്‍ക്കിടെ

ഇറാനിലെ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ യുഎസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ മെഴ്‌സ് വിമര്‍ശിച്ചിരുന്നു

MediaOne Logo
US to cut troop levels in Germany by 5,000
X

വാഷിങ്ടണ്‍ ഡിസി: നാറ്റോ സൈനികസഖ്യവുമായി കടുത്ത ഭിന്നത തുടരുന്നതിനിടെ ജര്‍മനിയില്‍ നിന്ന് 5000 യുഎസ് സൈനികരെ തിരികെവിളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മേഴ്‌സുമായി ഭിന്നതയിലാണ് ട്രംപ്. യൂറോപ്പില്‍ യുഎസിന് വലിയ സൈനിക സാന്നിധ്യമുള്ള രാജ്യമാണ് ജര്‍മനി. 36,000 യുഎസ് സൈനികരാണ് ജര്‍മനിയിലുള്ളത്. ഇവരുടെ എണ്ണമാണ് ട്രംപ് വെട്ടിക്കുറച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമാകാനില്ലെന്ന നിലപാടാണ് നാറ്റോ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇത് യുഎസിന് കനത്ത തിരിച്ചടിയായിരുന്നു. പിന്നാലെയാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ട്രംപ് ഭിന്നതയിലായത്.

യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ യുഎസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ മെഴ്‌സ് വിമര്‍ശിച്ചിരുന്നു. ഇറാനുളള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്നും ഇറാനികള്‍ നമ്മള്‍ കരുതിയതിനേക്കാള്‍ ശക്തരാണെന്നും നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും അവര്‍ വളരെ സമര്‍ഥമായാണ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതെന്നും മെഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. ഇതും ട്രംപിനെ പ്രകോപിപ്പിച്ചു.

ജര്‍മനിയിലും യൂറോപ്പിലാകെയുമുള്ള യുഎസ് സൈനിക സാന്നിധ്യം യുഎസിന്റെയും യൂറോപ്പിന്റെയും താല്‍പര്യങ്ങളുടെ ഭാഗമാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. ജര്‍മനിയില്‍ നിന്നും യൂറോപ്പില്‍ നിന്നാകെയും യുഎസ് സൈനികരെ പിന്‍വലിക്കുമെന്നത് തങ്ങള്‍ മുന്‍കൂട്ടി കണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story