സമാധാന ചർച്ചകൾക്കിടെ ഇറാൻ ഉന്നതരെ വധിക്കാൻ ഇസ്രായേൽ പദ്ധതി; ചർച്ചകൾ പൊളിയുമെന്ന് ഭയന്ന് മുന്നറിയിപ്പ് നല്‍കി യുഎസ്; റിപ്പോര്‍ട്ട്
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ നീക്കമെന്ന് ന്യൂയോർക്ക് ടൈംസ്

- Published:
3 July 2026 8:45 AM IST

വാഷിങ്ടണ്‍: സമാധാന ചർച്ചകൾക്കിടെ ഇറാന്റെ പ്രതിനിധികളെ വധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെക്കുറിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ രഹസ്യ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ആരംഭിച്ച നിർണായകവും സങ്കീർണ്ണവുമായ വെടിനിർത്തൽ ചർച്ചകൾക്കിടയിലാണ് ഇസ്രായേൽ ഈ നീക്കത്തിന് മുതിർന്നത്. ഇറാനിലെ ഈ രണ്ട് പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടാൽ അത് സമാധാന ചർച്ചകളെ പൂർണ്ണമായും തകർക്കുമെന്നും യുദ്ധം കൂടുതൽ വഷളാക്കുമെന്നും വാഷിംഗ്ടൺ ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക നേരിട്ടല്ലാതെ, മേഖലയിലെ മറ്റ് രാജ്യങ്ങൾ വഴി ഇറാന് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ നിലവിലെ സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഈ രണ്ട് നേതാക്കളെയും ഇസ്രായേൽ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. എന്നാൽ ഏപ്രിലിൽ ചർച്ചകൾ സജീവമായതോടെ, ഇവരെ വധിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന നിലപാടിലേക്ക് അമേരിക്ക എത്തിച്ചേരുകയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയേയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും ഇസ്രായേൽ വധിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ വിവരങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു അന്ന് ഇസ്രായേൽ ആക്രമണം നടത്തിയത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാൻ നാവികസേനയെയും മിസൈൽ കേന്ദ്രങ്ങളെയും അമേരിക്ക ലക്ഷ്യമിട്ടപ്പോൾ, ഇറാന്റെ നേതൃനിരയെ പാടെ ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ ശ്രമിച്ചത്.
ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയും മുൻ വിദേശകാര്യ മന്ത്രി കമൽ ഖരാസിയും കൊല്ലപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടം കൂടുതൽ പ്രായോഗികവാദികളായി കണക്കാക്കുകയും ചർച്ചകൾക്ക് സാധ്യത കൽപ്പിക്കുകയും ചെയ്ത നേതാക്കളായിരുന്നു ഇവർ. അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കെയാണ് ഇരുവരും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾ തകരാതിരിക്കാൻ അമേരിക്ക ഇറാന് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ തയ്യാറായതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Adjust Story Font
16
