Quantcast

വെനസ്വേല പ്രസിഡന്റ് യുഎസ് കസ്റ്റഡിയിൽ; യുദ്ധഭീതിയിൽ ലാറ്റിനമേരിക്ക

ചൈനക്ക് കൂടിയുള്ള മുന്നറിയിപ്പാണ് വെനസ്വേലയിലെ യുഎസ് ആക്രമണം

MediaOne Logo
വെനസ്വേല പ്രസിഡന്റ് യുഎസ് കസ്റ്റഡിയിൽ; യുദ്ധഭീതിയിൽ ലാറ്റിനമേരിക്ക
X

കാരക്കസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആശങ്കയിൽ ലോകം. വെനസ്വേലയിൽ വ്യാപക ആക്രമണം നടത്തിയതിന് പിന്നാലെയാണ് മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിൽ കടന്നുകയറി ആക്രമണം നടത്തി പ്രസിഡന്റിനെ ബന്ദിയാക്കിയത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണ്.

നേരത്തെ യുഎസ് ഇനാം പ്രഖ്യാപിച്ച പുറത്താക്കപ്പെടേണ്ട ഒരാളാണ് മദുറോയെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇറാഖ് പോലെയോ അഫ്ഗാനിസ്ഥാൻ പോലെയോ എളുപ്പത്തിൽ കീഴടക്കാവുന്ന ഒരു രാജ്യമല്ല വെനസ്വേല എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. യുഎസ് നേരത്തെ വെനസ്വേലയിൽ രണ്ട് അട്ടിമറി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടാണ് നേരിട്ട് ഏറ്റുമുട്ടലിന് തുനിയാതെ യുഎസ് തന്ത്രപരമായ നീക്കം നടത്തിയത്.

ചൈനക്ക് കൂടിയുള്ള മുന്നറിയിപ്പാണ് വെനസ്വേലയിലെ യുഎസ് ആക്രമണം. വെനസ്വേലയിൽ അടുത്തിടെ ചൈനയുടെ സ്വാധീനം വലിയ തോതിൽ വർധിച്ചിരുന്നു. ഏത് നിമിഷവും യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മദുറോക്കും അറിയാമായിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റഷ്യയും വെനസ്വേലക്ക് പരോക്ഷ പിന്തുണ നൽകുന്നുണ്ട്. രണ്ട് വൻ രാഷ്ട്രങ്ങളുടെ പിന്തുയുള്ള സാഹചര്യത്തിൽ വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യതയുണ്ട്.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും കർശന നിയന്ത്രണമുള്ള വെനസ്വേലയിൽ ഭരണകൂടത്തിനെതിരെ ജനവികാരമുണ്ട്. ഇത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ട്രംപ്. എങ്കിലും വലിയ രീതിയിലുള്ള ആക്രമണത്തിന് ട്രംപ് മുതിരില്ലെന്നാണ് സൂചന. വെനസ്വലയിലെ എണ്ണ നിക്ഷേപത്തിലാണ് എക്കാലവും യുഎസിന്റെ കണ്ണ്. യുഎസുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെ മദുറോ പറഞ്ഞിരുന്നു. ഇത്തരത്തിൽ ഒരു ചർച്ചയിലേക്ക് വെനസ്വലയെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ യുഎസ് ആക്രമണമെന്നും വിലയിരുത്തലുണ്ട്.

TAGS :

Next Story