'രാജ്യത്തിന് ഏറെ ദോഷകരം'; ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിന്റെ' ഏറ്റവും പുതിയ പതിപ്പിനെ വിമര്‍ശിച്ച് മസ്‌ക്
ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മസ്ക് പറഞ്ഞു

ന്യൂയോർക്ക്: അമേരിക്കന്‍ സെനറ്റ് പുറത്തിറക്കിയ നികുതി ചെലവ് ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പിനെ വിമര്‍ശിച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ബില്ലിനെ 'തികച്ചും ഭ്രാന്തും വിനാശകരവുമാണെന്ന്' വിശേഷിപ്പിച്ച മസ്ക് ഇത് രാജ്യത്തിന് ഏറെ ദോഷകരമാണെന്ന് പറഞ്ഞു.
ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും നമ്മുടെ രാജ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുമെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. ഇത് ഭാവിയിലെ വ്യവസായങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍’ എന്ന് വിളിക്കപ്പെടുന്ന ചെലവ് നികുതി ബില്ലിനോടുള്ള എതിര്‍പ്പിനെച്ചൊല്ലി മസ്‌കും ട്രംപും പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ജൂലൈ നാലിനകം ബിൽ പാസാക്കണമെന്നാണ് ട്രംപിന്റെ നിർദേശം. 940 പേജുകളുള്ള ബില്ലില്‍ നികുതി ഇളവുകള്‍, മെഡിക്കെയ്ഡ് പോലുള്ള പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍, ദേശീയ പ്രതിരോധം, നാടുകടത്തല്‍ തുടങ്ങിയ ഭരണകൂടത്തിന്റെ പ്രധാന പദ്ധതികള്‍ക്കുള്ള കൂടുതല്‍ ധനസഹായം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ബിൽ നടപ്പായാൽ അത് അമേരിക്കയുടെ കടബാധ്യതയിൽ അഞ്ച് ട്രില്യൻ ഡോളർ വരെ കൂട്ടിച്ചേർക്കാൻ ഇടവരുത്തുമെന്ന് മസ്ക് പറഞ്ഞിരുന്നു. ട്രംപിനെ ഭ്രാന്തനെന്നും മസ്‌ക് വിളിച്ച് അധിക്ഷേപിച്ചിരുന്നു. മസ്‌കും ട്രംപും തമ്മിലുള്ള തര്‍ക്കവും പിണക്കവും തീര്‍ക്കാന്‍ മസ്‌കിന്റെ അനുയായികള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ട്രംപിനെതിരെ വീണ്ടും വിമർശനവുമായി മസ്ക് രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16

