Quantcast

'ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ല, ചില കണക്കുകൂട്ടലുകൾ തെറ്റി': ഇസ്രായേൽ സൈനിക വൃത്തങ്ങൾ

''ഭരണകൂടത്തിനെതിരെ ഇറാനിലെ ജനങ്ങളെ വൻതോതിൽ തെരുവിലിറക്കാമെന്നായിരുന്നു കണക്കുകൂട്ടൽ, എന്നാൽ അങ്ങനെയൊന്ന് നടന്നില്ല''

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-17 07:04:41.0

Published:

17 March 2026 12:23 PM IST

ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ല, ചില കണക്കുകൂട്ടലുകൾ തെറ്റി:  ഇസ്രായേൽ സൈനിക വൃത്തങ്ങൾ
X

തെല്‍ അവീവ്: തുടക്കത്തിൽ നിശ്ചയിച്ച വേഗതയിൽ ഇറാനെതിരായ യുദ്ധം മുന്നേറുന്നില്ലെന്ന് ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തല്‍. പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ആദ്യഘട്ട സൈനിക നടപടി മികച്ചതായിരുന്നു, എന്നാല്‍ പ്രതീക്ഷിച്ച അത്ര വേഗത പിന്നീട് ലഭിച്ചില്ല, ഇറാനിലെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ പുനരാലോചന വേണ്ടിവന്നേക്കാം' സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ നിശ്ചയിച്ചിരുന്ന സമയക്രമം അനുസരിച്ചല്ല സൈനിക നടപടികൾ മുന്നോട്ട് പോകുന്നത്. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ഇറാനിലെ ജനങ്ങളെ വൻതോതിൽ തെരുവിലിറക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇസ്രായേൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

'യുദ്ധസമയത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ചില ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടിയിരുന്നു, എന്നാല്‍ അങ്ങനെ സംഭവിച്ചില്ല'- അദ്ദേഹം പറയുന്നതായി കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്ന കൂടുതൽ നടപടികൾ ഇറാനിൽ സ്വീകരിക്കാൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായും അദ്ദേഹം പറയുന്നുണ്ട്.

ഇറാന് മേൽ വ്യോമാധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു വ്യോമസേനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ഇസ്രായേൽ സൈന്യം മുൻപ് പ്രസ്താവിച്ചിരുന്നത്. ഇറാനിലെ ഏകദേശം 100 വ്യോമ പ്രതിരോധ സംവിധാനങ്ങളും 120 റഡാർ കണ്ടെത്തൽ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ വ്യോമ മേഖലയില്‍കൂടിയാണ് ഇറാന്റെ തിരിച്ചടി തുടരുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇസ്രായേലിന് നേരെ ഏകദേശം 360 മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്.

TAGS :

Next Story