'യുദ്ധത്തെ ഭയപ്പെടുന്നില്ല, ഡ്രൂസുകളെ ഞങ്ങൾ സംരക്ഷിച്ചോളാം': ഇസ്രായേലിന് മറുപടിയുമായി സിറിയ
സിറിയന്‍ ജനത യുദ്ധത്തെ ഭയപ്പെടുന്നില്ല, അവരുടെ അന്തസ്സിന് ഭീഷണിയുണ്ടായാല്‍ പോരാടാന്‍ തയ്യാറാണെന്നും സിറിയയുടെ ഇടക്കാല പ്രസിഡന്റ്

ദമസ്കസ്: രാജ്യത്തെ വിഭജിക്കാന്‍ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളെ സിറിയ മറികടക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറാ. തുടര്‍ച്ചയായുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഡ്രൂസ് പൗരന്മാരെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കാര്യമാണ്. അവരെ ഒരു ബാഹ്യ കക്ഷിയുടെ കൈകളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ എതിര്‍ക്കും''- അദ്ദേഹം പറഞ്ഞു.
''യുദ്ധത്തെ ഭയപ്പെടുന്നവരിലൊന്നും ഞങ്ങളില്ല, വെല്ലുവിളികളെ നേരിടാനും ജനങ്ങളെ പ്രതിരോധിക്കാനുമാണ് ഞങ്ങൾ ജീവിതം തന്നെ ചെലവഴിക്കുന്നത്. എത്ര ബഹളങ്ങളുണ്ടാക്കിയാലും സിറിയക്കാരുടെ താത്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍ഗണന കൊടുക്കുക''- അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷമായ ഡ്രൂസുകളുടെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളും തദ്ദേശീയരായ വിഭാഗങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ ഇടപെട്ടതോടെയാണ് അഹമ്മദ് അൽ-ഷറായുടെ പ്രതികരണം.
സിറിയയിലെ തെക്കൻ പ്രവിശ്യയിൽ നടന്ന അക്രമ സംഭവങ്ങളില്‍ 350ലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരും ഇതിലുള്‍പ്പെടും.
അതേസമയം ഇന്നലെ വൈകീട്ടോടെ ദമസ്കസിലെ സൈനിക ആസ്ഥാനത്താണ് ഇസ്രായേൽ ബോംബിട്ടത്. നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രൂസുകൾക്കു നേരെ സിറിയൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വിശദീകരണം. അതേസമയം ഞങ്ങളെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് പ്രസിഡന്റ് പറയുന്നത്.
ഇതിനിടെ സിറിയയും ഇസ്രായേലും തമ്മിലെ സംഘർഷം തങ്ങൾ ഇടപെട്ട് പരിഹരിച്ചതായി യുഎസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. എന്നാൽ ഡ്രൂസ് വിഭാഗത്തന്‍റെ സുരക്ഷക്കായി ആവശ്യമെങ്കില്‍ ഇനിയും ഇടപെടുമെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.
Adjust Story Font
16

