Quantcast

നെതന്യാഹു ജയിലിൽ പോകുമോ? ഗസ്സ വെടിനിർത്തലിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാവിയെന്ത്?

അടുത്ത വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ നെതന്യാഹു നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുന്നു

MediaOne Logo

Web Desk

  • Published:

    18 Oct 2025 7:36 PM IST

നെതന്യാഹു ജയിലിൽ പോകുമോ? ഗസ്സ വെടിനിർത്തലിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാവിയെന്ത്?
X

തെൽ അവിവ്: കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരുന്ന വംശഹത്യ യുദ്ധത്തിൽ അമേരിക്കയുടെയും മറ്റ് അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ കഴിഞ്ഞ ആഴ്ചയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. എങ്കിലും വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. അന്താരാഷ്ട്ര ലോകം ഇസ്രായേലിനും അമേരിക്കക്കും എതിരായതിനെ തുടർന്നാണ് വെടിനിർത്തലിന് ഇസ്രായേൽ തയ്യാറായതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വെടിനിർത്തലിന്റെ ഭാഗമായി അവശേഷിക്കുന്ന 20 ബന്ദികളെ ഹമാസും 2000ലധികം ബന്ദികളെ ഇസ്രായേലും വിട്ടുകൊടുത്തു.

ഹമാസിനെ പൂർണമായും ഇല്ലാതാകും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുദ്ധം, ലക്ഷ്യം കാണാതെ വെടിനിർത്തിയപ്പോഴും യുദ്ധം വിജയിച്ചു എന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഇസ്രായേൽ യുദ്ധം കാരണം വർധിച്ചുവരുന്ന സാമ്പത്തിക, നയതന്ത്ര ചെലവുകൾ മൂലം ക്ഷമ നശിച്ച വൈറ്റ് ഹൗസ് മുൻ ഇസ്രായേലി അംബാസഡർ അലോൺ പിങ്കാസ് ഉൾപ്പെടെയുള്ളവർ മുഖേന സമ്മർദ്ദം ചെലുത്തിയാണ് വെടിനിർത്തലിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ അടുത്ത വർഷം ഇസ്രായേലിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. യുദ്ധമില്ലാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നെതന്യാഹു എന്ത് വെല്ലുവിളികളാണ് നേരിടുന്നത്, അവ എത്രത്തോളം നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാനമാണ്? എന്നീ കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കാം.

അന്താരാഷ്ട്ര ഒറ്റപ്പെടൽ നേരിടുക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി

അന്താരാഷ്ട്ര വേദിയിൽ ഇസ്രായേൽ ഇപ്പോഴുള്ളതുപോലെ ഒറ്റപ്പെടൽ ഒരു കാലത്തും അനുഭവിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 67,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയതും ഗസ്സയിൽ സൃഷ്ടിച്ച ക്ഷാമത്തിന്റെ ദൃശ്യങ്ങളും ലോകമെമ്പാടും വെറുപ്പിന് കാരണമായി. അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ ഗസ്സയിൽ എത്തുന്നത് നെതന്യാഹുവിന്റെ സർക്കാരിന് തുടർന്നും വിലക്കാനായില്ലെങ്കിൽ ഇസ്രായേൽ സർക്കാർ ഗസ്സയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ കവറേജ് ലോകത്തിന് മുന്നിൽ തുറന്ന് കാട്ടപ്പെടും.

നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം തകരുമോ?

യുദ്ധത്തിനിടയിലും ഇസ്രായേലിൽ വലതുപക്ഷ സഖ്യത്തിനുള്ളിൽ പൊരുത്തക്കേടുകൾ രൂപപ്പെട്ടിരുന്നെങ്കിലും നെതന്യാഹു അത് ഒഴിവാക്കാൻ പരമാവധി പരിശ്രമിച്ചു. ഇസ്രായേലിലെ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയെ വളരെയധികം ആശ്രയിച്ചാണ് നെതന്യാഹു മുന്നോട്ടുപോകുന്നത്. ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ-ഗ്വിറിന്റെയും പിന്തുണയാണ് അതിൽ എടുത്ത് പറയേണ്ടത്. ഇരുവരും ഇപ്പോൾ നെതന്യാഹുവിന്റെ ഭരണ സഖ്യത്തിൽ തുടരുമ്പോൾ തന്നെ വെടിനിർത്തലിനെ എതിർത്ത ആളുകളാണ്.

അൾട്രാ-ഓർത്തഡോക്സ് യെശിവ വിദ്യാർഥികളെ ഡ്രാഫ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമനിർമാണം നെതന്യാഹു അവതരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. പാർലമെന്റിലെ അൾട്രാ-ഓർത്തഡോക്സ് പാർട്ടികൾ തന്റെ സർക്കാരിലേക്ക് മടങ്ങിവരുന്നതിനും ഏതെങ്കിലും കൂറുമാറ്റങ്ങൾ ഉണ്ടായാൽ അവരുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ഇത് കാരണമാകുമെന്ന് നെതന്യാഹു ക്യാമ്പ് പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ യുദ്ധകുറ്റ വാറന്റുകൾ

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഗസ്സയിൽ നടത്തിയ വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് ഇപ്പോഴും നിലനിൽക്കും. 2024 നവംബറിൽ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസിന്റെ സൈനിക കമാൻഡർ മുഹമ്മദ് ദയീഫ് എന്നിവർക്കെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി ഐസിസി അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ദയീഫിനെ ഇസ്രായേൽ പിന്നീട് കൊലപ്പെടുത്തി. ഇസ്രായേലിനെതിരെയുള്ള വംശഹത്യ കുറ്റവും കോടതി പരിഗണിക്കുന്നുണ്ട്.

ട്രംപ് നെതന്യാഹുവിനെ ഉപേക്ഷിക്കുമോ?

നിലവിൽ ഇസ്രായേലിന്റെ പ്രധാന സാമ്പത്തിക, സൈനിക സ്പോൺസറാണ് അമേരിക്ക. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെടുമ്പോഴും നയതന്ത്രപരമായി ശക്തമായ പിന്തുണ അമേരിക്ക നൽകുന്നുണ്ട്. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണക്ക് പരിധികളുണ്ട്. 2021ൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച ആദ്യ നേതാക്കളിൽ ഒരാൾ നെതന്യാഹുവായിരുന്നു. ഇതിൽ ട്രംപ് രോഷാകുലനായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മാത്രമല്ല 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' (മാഗ) ക്യാമ്പയ്‌നിന്റെ പിന്തുണയും ഇസ്രായേലിനെ നിരുപാധികമായി പിന്തുണക്കുന്ന ട്രംപിന് നഷ്ടമായി തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ ദോഹയിൽ ചർച്ചക്കെത്തിയ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം നെതന്യാഹുവിനോടുള്ള ട്രംപിന്റെ സമീപനത്തിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടുണ്ട്. 'അയാൾ എന്നെ വഞ്ചിക്കുകയാണ്!' എന്നാണ് ട്രംപ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഒക്ടോബർ 7ലെ നെതന്യാഹുവിന്റെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം

2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പരാജയങ്ങളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങൾ ഇസ്രായേലിൽ നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിന്റെയും ഇന്റലിജൻസിന്റെയും മേധാവികളും രാജിവെച്ചിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം മുന്നോട്ട് പോയില്ലെങ്കിലും വെടിനിർത്തലിനുശേഷം അന്വേഷണം വൈകിപ്പിക്കാൻ യാതൊരു കാരണവുമില്ലെന്ന് ഇസ്രായേൽ ഹൈക്കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കാൻ സർക്കാരിന് 30 ദിവസത്തെ സമയവും കോടതി നൽകി.

നെതന്യാഹു ജയിലിൽ പോകുമോ?

ഗസ്സക്കെതിരായ നീണ്ടുനിന്ന യുദ്ധം കാരണം നെതന്യാഹുവിനെതിരെയുള്ള അഴിമതി അന്വേഷണം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ യുദ്ധം നിർത്തിയ സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. മൂന്ന് അഴിമതി കേസുകളിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. ഇതിൽ കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നിവ ഉൾപ്പെടുന്നു. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നെതന്യാഹുവിന്റെ പേരിലുള്ളത്.


TAGS :

Next Story